മന്ത്രിയായാല്‍ പോരാ, ഭരണം അറിയണം

വെട്ടും തിരുത്തും -  പി എ എം ഹനീഫ്
ഈ ദിവസങ്ങളില്‍ ശ്രവിച്ച മേന്മയേറിയ ഫലിതങ്ങളിലൊന്ന് പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചു എന്നതാണ്. പകരം മുഖ്യമന്ത്രി സംസാരിക്കാനുദ്ദേശിച്ച വിഷയവുമായി ബന്ധപ്പെട്ട ഭക്ഷ്യ-സിവില്‍ സപ്ലൈസ് ചുമതലയുള്ള മന്ത്രിയെ അത്യാവശ്യമെങ്കില്‍ കാണാനുമാണ്.
കേരളത്തിലെ ഇടതുപക്ഷ മുഖ്യമന്ത്രിക്ക് എന്ത് അഹിതം സംഭവിച്ചാലും തൊണ്ടപൊട്ടുമാറ് വിളിച്ചുകൂവാന്‍ ചപ്പാത്തി ചാനലുകാര്‍ക്ക് കൊടിയ താല്‍പര്യമാണ്. അര്‍ണബ് ഗോസ്വാമി എന്നൊരു ചപ്പാത്തി ചാനലുകാരന്റെ ഫഌഷ് വാര്‍ത്തയായിട്ടാണ് ഇതു കണ്ടത്.
മലയാളത്തിലും മാധ്യമങ്ങള്‍ അത് ഏറ്റുപിടിച്ചു. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രഭരണകൂടം കേരളത്തെ അവഗണിക്കുന്നു എന്നതു നേരില്‍ നേരാണ്. ഓഖി ദുരന്തത്തെ തുടര്‍ന്ന് കേരളത്തിന് മാന്യമായൊരു ആശ്വാസം കേന്ദ്രഗവണ്‍മെന്റില്‍ നിന്ന് ഉണ്ടായില്ല. കേരള നിയമസഭ യഥാര്‍ഥത്തില്‍ ചെയ്യേണ്ടത് എന്താണ്? ഇത്തരം സംസ്‌കാരശൂന്യതയ്‌ക്കെതിരേ ഭരണ-പ്രതിപക്ഷ ഭേദമെന്യേ പ്രമേയം പാസാക്കി മാധ്യമങ്ങളിലൂടെ ജനത്തെ തെര്യപ്പെടുത്തുകയാണ്. അവഗണനാവിഷയത്തില്‍ ഏക ബിജെപി എംഎല്‍എക്കും പ്രമേയത്തിന് അനുകൂലമായി കൈ പൊന്തിക്കാം. എലിമീശയ്ക്ക് ഉന്നംപിഴച്ചു എന്നു പറഞ്ഞ അവസ്ഥയില്‍ നിയമസഭാ സാമാജികത്വം ലഭിച്ച ബിജെപിയുടെ പ്രായം ചെന്ന ഏക എംഎല്‍എക്ക് ഇനിയും ചിന്തിക്കാനവകാശമുണ്ട്. നിയമസഭാംഗം എന്ന നിലയില്‍ ഈ സംസ്ഥാനത്തിനു വേണ്ടി എന്തെങ്കിലും സമ്മര്‍ദം കേന്ദ്രത്തില്‍ ഈ കാലയളവില്‍ ചെലുത്തിയോ? വേണ്ട. സ്വന്തം തിരുവനന്തപുരം നിയോജകമണ്ഡലത്തിനായി ഒരു സ്വിമ്മിങ്പൂളെങ്കിലും?
ഇടതുപക്ഷം കേരളം ഭരിക്കുമ്പോഴൊക്കെയും ഇത്തരം ചില്ലറ കോമഡികള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പണ്ട്, ഇപ്പോഴത്തെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മന്‍മോഹന്‍സിങ് പ്രധാനമന്ത്രി കേരളത്തോട് അവഗണന പുലര്‍ത്തുന്നുവെന്ന് പുരപ്പുറത്തു കയറി തൊള്ളയും വിളിയും കൂട്ടിയത് ഓര്‍ത്തുപോവുന്നു. മന്‍മോഹന്‍സിങ് കേരളത്തില്‍ ഏതോ പഞ്ചനക്ഷത്ര ഹോട്ടലില്‍ ക്യാംപ് ചെയ്തപ്പോള്‍ അച്ചുമ്മാന് ഹോട്ടലില്‍ മുറി നല്‍കാന്‍ കേന്ദ്രം തയ്യാറായില്ല എന്നതായിരുന്നു അവഗണനകളില്‍ ഒന്ന്. വല്ലാര്‍പാടം പദ്ധതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പത്രങ്ങളില്‍ മുഴുപേജ് പരസ്യം നല്‍കിയപ്പോള്‍ അച്ചുമ്മാന്റെ പടം പരസ്യത്തില്‍ അച്ചടിച്ചില്ലെന്നത് മറ്റൊരു അവഗണന. വേറെയും രണ്ടു മൂന്നു പ്രശ്‌നങ്ങള്‍- എല്ലാം കോമഡികളാണ്- കേന്ദ്ര അവഗണനയ്ക്ക് ഉദാഹരണമായി അന്ന് കേരള നിയമസഭ എടുത്തുദ്ധരിച്ചിരുന്നു. പ്രമേയവും പാസാക്കി. അക്കാലത്ത് ഡിവൈഎഫ്‌ഐ സഖാക്കള്‍ താലൂക്കുതല കാല്‍നടജാഥകള്‍ നടത്തി ഈ കോമഡി അവഗണനകള്‍ക്കെതിരേ പ്രസംഗിച്ചതും ഓര്‍ക്കുന്നു. വല്ലാര്‍പാടം ടെര്‍മിനല്‍ ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ എസ് ശര്‍മ, ജോസ് തെറ്റയില്‍ എന്നിവരെ പ്രധാന വേദിയില്‍ കയറ്റിയില്ല, കസേര കൊടുത്തില്ല എന്നൊക്കെ പ്രസംഗങ്ങളുണ്ടായി.
ഒരു പ്രധാനമന്ത്രിയെ ഭക്ഷ്യധാന്യ വിതരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടാന്‍ സംസ്ഥാന മുഖ്യമന്ത്രി ആഗ്രഹിച്ചാല്‍ അതു തെറ്റല്ല. അതിനുള്ള ജനാധിപത്യപരമായ പോംവഴികളിലൊന്ന് നിയമസഭയില്‍ കക്ഷിഭേദമെന്യേ എല്ലാവരും ചേര്‍ന്നൊരു ഇണ്ടാസ് പാസാക്കി, ബിജെപി എംഎല്‍എ രാജേട്ടനടക്കം വിരലടയാളം പതിപ്പിച്ച് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നല്‍കലാണ്.
പ്രധാനമന്ത്രിയെന്ന നിലയ്ക്ക് യാതൊരു ഭരണമികവും ഇക്കാലത്തിനിടെ രാജ്യത്ത് നടപ്പാക്കാത്ത ഒരു ഊരുചുറ്റല്‍ വിദ്വാന് ഭക്ഷ്യസുരക്ഷാപ്രശ്‌നം കൈകാര്യം ചെയ്യാന്‍ കേരള മുഖ്യമന്ത്രി ഇണ്ടാസയച്ചതു തന്നെ തെറ്റ്. സൗകര്യമില്ല കാണാന്‍ എന്ന പ്രധാനമന്ത്രിയുടെ സംസ്‌കാരശൂന്യത മാധ്യമങ്ങളോട് കൊട്ടിഘോഷിക്കുന്നതിലുമുണ്ട് ഭരണ നൈപുണി മികവില്ലായ്മ.
പ്രധാനമന്ത്രിക്ക് ഭരണമികവ് ഇല്ല എന്നതു ശരി. ഇപ്പോഴത്തെ സംസ്ഥാന മുഖ്യമന്ത്രിക്കും എടുത്തുപറയാന്‍ മികവെന്തെങ്കിലുമുണ്ടോ? സ്വന്തം കസ്റ്റഡിയിലുള്ള ആഭ്യന്തരവകുപ്പു മാത്രം പരിശോധിച്ചാല്‍ മതി. ഉന്നത പോലിസുദ്യോഗസ്ഥരെ നിലയ്ക്കുനിര്‍ത്താന്‍ ആഭ്യന്തരവകുപ്പിനു ശേഷിയില്ല എന്നത് പരസ്യമായിരിക്കുന്നു.
ഉന്നത പോലിസുദ്യോഗസ്ഥരുടെ വീട്ടുവേലയ്ക്ക് ഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്ന പാവം ചെറുവാല്യക്കാരായ കോണ്‍സ്റ്റബിള്‍മാര്‍ നിയോഗിക്കപ്പെടുന്നു എന്നത് പെട്ടെന്ന് പൊട്ടിമുളച്ചതൊന്നുമല്ല. കരുണാകരന്‍ പോലിസ്മന്ത്രിയായിരുന്ന കാലത്ത് പേരക്കുട്ടികളുടെ മലമൂത്രവിസര്‍ജന പ്രശ്‌നങ്ങളില്‍ പോലും പോലിസുകാരാണ് നിയമം നടപ്പാക്കിയിരുന്നത്.
ഭരിക്കാനറിയുകയെന്നത് ചില്ലറക്കാര്യമല്ല. അതില്‍ കക്ഷിരാഷ്ട്രീയവും തന്‍കാര്യവും വിവരമില്ലായ്മയും പ്രകടിപ്പിച്ചാല്‍ വിവരദോഷിയായ പ്രധാനമന്ത്രി എന്നല്ല ആരും പറയും ''ഇപ്പോള്‍ സമയമില്ല. പിന്നെ വരൂ'' എന്ന്.
കേരള മന്ത്രിസഭയെ അകാരണമായി പിരിച്ചുവിട്ടു എന്നത് ഒരു കുറ്റമായി പറഞ്ഞാലും പണ്ഡിറ്റ് നെഹ്‌റു, കേരള മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടിനു നല്‍കിയ ബഹുമാനം സുവിദിതമായിരുന്നു. ബഹുമാനം മാന്യരില്‍ നിന്നേ ഉണ്ടാവൂ; മാന്യര്‍ക്കേ ലഭിക്കുകയും ചെയ്യൂ.       ി

RELATED STORIES

Share it
Top