മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടാവാതിരിക്കുമ്പോള്‍

മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചു ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനപ്പെട്ട ഒരു മന്ത്രിസഭായോഗം ക്വാറം തികയാതെ നിര്‍ത്തിവയ്‌ക്കേണ്ടിവന്നതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു നിര്‍ദേശമുണ്ടായത്. മന്ത്രിമാര്‍ ഉദ്ഘാടനത്തിനും മറ്റുമായി നാടുതെണ്ടി നടക്കുന്നതു മൂലം മന്ത്രിസഭായോഗം നിര്‍ത്തിവയ്‌ക്കേണ്ടിവന്നത് സര്‍ക്കാരിനുണ്ടാക്കിയ പ്രതിച്ഛായാനഷ്ടം കുറച്ചൊന്നുമല്ല. ഭരണത്തിന്റെ തുടക്കകാലത്ത് 'എല്ലാം ശരിയാക്കുന്നതിന്റെ ഭാഗമായി' മന്ത്രിമാര്‍ തലസ്ഥാനത്തുണ്ടാവുമെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് പോലെയല്ല തങ്ങള്‍ എന്നായിരുന്നല്ലോ എല്‍ഡിഎഫിന്റെ അവകാശവാദം. എന്നിട്ടിപ്പോള്‍ എന്തായി എന്നാണ് ചോദ്യം. ഇതേപോലെ തന്നെ മറ്റു ചില ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിയും ഉത്തരം പറയേണ്ടതുണ്ട്. സെക്രട്ടേറിയറ്റിലും സര്‍ക്കാരോഫിസുകളിലും ഉദ്യോഗസ്ഥര്‍ കൃത്യമായി ഹാജരാവണം, ജോലിയില്‍ ഉഴപ്പരുത് എന്നെല്ലാം നിര്‍ദേശിക്കപ്പെട്ടു. സെക്രട്ടേറിയറ്റില്‍ പഞ്ചിങ് ഏര്‍പ്പെടുത്തി. പോലിസുകാര്‍ക്ക് ഒരുപാട് ജോലിമര്യാദകള്‍ അനുശാസിച്ചു. വിജിലന്‍സ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജേക്കബ് തോമസിന്റെ കൈയില്‍ ചുവപ്പുകാര്‍ഡും മഞ്ഞക്കാര്‍ഡും കൊടുക്കുകയും അദ്ദേഹത്തിന് സര്‍വതന്ത്ര സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു. എന്നിട്ടോ, ഇപ്പോള്‍ എന്തായി? നമ്മുടെ ഭരണയന്ത്രം ഇങ്ങനെയൊക്കെയേ കറങ്ങുകയുള്ളൂ എന്ന ഒഴികഴിവുകൊണ്ട് മാത്രം ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവില്ല. മന്ത്രിമാരുടെ ഊരുചുറ്റലൊക്കെ അല്‍പം ഇച്ഛാശക്തിയുണ്ടെങ്കില്‍ അവസാനിപ്പിക്കാവുന്നതേയുള്ളൂ. ഭരണനിര്‍വഹണം നടത്തുന്നവരുടെയും അതിനു വിധേയരാവുന്നവരുടെയും മനസ്സു മാറ്റുന്നതാണ് പ്രധാനം. ഭരണം കാര്യക്ഷമമായി നടത്തുന്നതിന് പകരം ജനപ്രിയ പ്രവൃത്തികളിലേര്‍പ്പെട്ട് പ്രതിച്ഛായയുണ്ടാക്കുകയാണു വേണ്ടത് എന്ന തലത്തിലേക്ക് ഇന്നു കാര്യങ്ങള്‍ മാറിയിരിക്കുന്നു. മന്ത്രിമാരും എംഎല്‍എമാരും സ്വന്തം മണ്ഡലത്തിലെ ജനങ്ങളോടൊപ്പം കഴിയുകയും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും വേണമെന്നതു ശരിതന്നെ. പക്ഷേ, ഇപ്പോള്‍ അതല്ല നടക്കുന്നത്. ഏതു ചെറിയ പൊതുപരിപാടിയുടെ ഉദ്ഘാടനത്തിനും മന്ത്രിയോ എംഎല്‍എയോ വേണമെന്ന മനോനിലയാണ് എല്ലാവര്‍ക്കും. കല്യാണവീട്ടിലും മരണവീട്ടിലും അവര്‍ എത്തിച്ചേരണം; ഏതുനേരത്തും നാട്ടുകാരോട് ചിരിച്ചും കൈകൂപ്പിയും കഴിയണം. ഇങ്ങനെയൊന്നും ചെയ്യുന്നില്ലെങ്കില്‍ ആള്‍ ജനകീയനാവില്ല. ജനകീയത കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജനപ്രതിനിധികള്‍ മന്ത്രിസഭായോഗവും നിയമസഭാ സമ്മേളനവും മറ്റും ഇട്ടെറിഞ്ഞ് ഊരുതെണ്ടാനിറങ്ങുന്നത് എന്നു തീര്‍ച്ച. നാട്ടുകാരെ സംബന്ധിച്ചിടത്തോളം നിയമനിര്‍മാണ സഭയിലിരുന്ന് സഭാനടപടികളില്‍ ശ്രദ്ധാപൂര്‍വം ഇടപെടുന്ന ആളല്ല നല്ല ജനപ്രതിനിധി; മറിച്ച്, നാട്ടില്‍ തേരാപാരാ നടക്കുകയും പോപുലിസ്റ്റ് പരിപാടികളില്‍ അഭിരമിക്കുകയും ചെയ്യുന്നവരാണ്. ജനപ്രതിനിധികള്‍ ഈ ബോധത്തെ ശരിവയ്ക്കുന്നിടത്തോളം മുഖ്യമന്ത്രിയുടെ നിര്‍ദേശം വെള്ളത്തില്‍ വരച്ച വരയായിത്തീരും.

RELATED STORIES

Share it
Top