മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചുനാള്‍ തലസ്ഥാനത്ത് ഉണ്ടാവണം

തിരുവനന്തപുരം: ആഴ്ചയില്‍ അഞ്ചു ദിവസം മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടായിരിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി. കഴിഞ്ഞദിവസം നിശ്ചയിച്ച പ്രത്യേക മന്ത്രിസഭാ യോഗം ക്വാറം തികയാത്തതിനെ തുടര്‍ന്ന് മുടങ്ങിയ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ താക്കീത്. മാറ്റിവച്ച മന്ത്രിസഭാ യോഗം ഇന്നലെ ചേര്‍ന്നിരുന്നു. 10 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കാനും യോഗം തീരുമാനിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് പ്രധാന നിര്‍ദേശങ്ങളിലൊന്നായിരുന്നു മന്ത്രിമാര്‍ അഞ്ചു ദിവസം തലസ്ഥാനത്ത് വേണമെന്നത്. ആദ്യത്തെ ഒരു വര്‍ഷം ഇത് കൃത്യമായി നടന്നുപോയെങ്കിലും പിന്നീട് വീഴ്ച വന്നു. ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം നടത്തുന്നതിനു വേണ്ടിയാണ് കഴിഞ്ഞ വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നത്. എന്നാല്‍, ക്വാറം തികയാത്തതിനാല്‍ ഇതുസംബന്ധിച്ചു തീരുമാനമെടുക്കാനായില്ല. 19 അംഗ മന്ത്രിസഭയിലെ 12 പേരും യോഗത്തിനെത്തിയില്ല. നിയമസഭാ സമ്മേളനം അവസാനിച്ച കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരാന്‍ നിശ്ചയിച്ചത്. അപ്പോഴേക്കും പല മന്ത്രിമാരും വിവിധ ജില്ലകളില്‍ പരിപാടികള്‍ ഏറ്റിരുന്നു. കൂടാതെ നാല് സിപിഐ മന്ത്രിമാരോടും വയനാട് ജില്ലാ സമ്മേളനത്തിനെത്താന്‍ പാര്‍ട്ടി നിര്‍ദേശിച്ചു. ഇക്കാര്യം അവര്‍ അറിയിച്ചിരുന്നു. മന്ത്രിസഭാ തീരുമാനം ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എടുക്കണമെന്നാണ് ഭരണഘടന വ്യവസ്ഥ ചെയ്യുന്നത്.

RELATED STORIES

Share it
Top