മന്ത്രിനടിയും നിറംകെട്ട ചടങ്ങും

മധ്യമാര്‍ഗം  -  പരമു
മലയാളികളെക്കുറിച്ച് എന്തൊക്കെ കുറവുകള്‍ എണ്ണിപ്പറയാമെങ്കിലും നട്ടെല്ലു നിവര്‍ത്തിപ്പിടിക്കുന്നതില്‍ അവര്‍ മുമ്പിലാണ്. കലാവാസന ലേശമുണ്ടെങ്കില്‍ പിന്നെ രക്ഷയുമില്ല. കിട്ടുന്ന അസുലഭ സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ നട്ടെല്ല് വില്ലുപോലെ വളച്ചുകാണിക്കാന്‍ പരക്കംപായുന്നവര്‍ക്കിടയിലാണ് മലയാളികള്‍ ശ്രദ്ധിക്കപ്പെടുന്നത്. അവസരത്തിലും അനവസരത്തിലും നട്ടെല്ലു നിവര്‍ത്തിപ്പിടിക്കാന്‍ മലയാളികള്‍ കേമന്‍മാരാണ്. തങ്ങളുടെ കാര്യങ്ങള്‍ക്കും മറ്റുള്ളവരുടെ കാര്യങ്ങള്‍ക്കും പൊതുകാര്യങ്ങള്‍ക്കും നട്ടെല്ല് ഉയര്‍ത്തിപ്പിടിക്കാന്‍ മിടുക്കന്‍മാരുമാണ് ഇക്കൂട്ടര്‍. ഇതിനര്‍ഥം മലയാളികളാകെ നട്ടെല്ലു നിവര്‍ത്തിപ്പിടിച്ച് മുന്നേറുന്നവരാണെന്നല്ല. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്തപ്പോള്‍ പൊതുവില്‍ പ്രകടിപ്പിച്ച ഒരു അഭിപ്രായമാണിത്. തന്റെ ശരീരത്തില്‍ നട്ടെല്ലു തന്നെ ഉണ്ടെന്ന് അറിയാത്തവരും സാക്ഷര കേരളത്തില്‍ ജീവിക്കുന്നു എന്നത് വിസ്മരിക്കുന്നില്ല. നമ്മുടെ ശരീരത്തിലെ നട്ടെല്ലിന് വാസ്തവത്തില്‍ താരപദവിയാണുള്ളത്.
സത്യത്തിന്റെയും ധര്‍മത്തിന്റെയും നീതിയുടെയും ന്യായത്തിന്റെയും ഒക്കെ പര്യായമായി നട്ടെല്ല് അറിയപ്പെടുന്നുണ്ട്. നട്ടെല്ലു നിവര്‍ത്തി നില്‍ക്കുന്നു എന്നു പറഞ്ഞാല്‍ ന്യായത്തിനു വേണ്ടി നില്‍ക്കുന്നു എന്നു മനസ്സിലാക്കണം. നട്ടെല്ല് വളച്ചു എന്നു വിശേഷിപ്പിച്ചാല്‍ അന്യായത്തിനാണെന്ന് ഉടനെ കരുതിക്കൊള്ളണം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്നവന്‍ മാന്യന്‍. ഇങ്ങനെയുള്ള മാന്യന്‍മാരായ മലയാളികള്‍ എവിടെ ചെന്നാലും തിളങ്ങിനില്‍ക്കും. ഏറ്റവും ഒടുവിലത്തെ ഉദാഹരണം രാഷ്ട്രതലസ്ഥാനത്തു നടന്ന ദേശീയ സിനിമാ അവാര്‍ഡ് വിതരണ ചടങ്ങാണ്.
മലയാളികളെ ഒഴിച്ചുനിര്‍ത്തി ഒരു സിനിമയില്ല. രാജ്യത്തിന്റെ ചലച്ചിത്ര ഭൂപടത്തില്‍ മലയാളത്തിനു നിര്‍ണായകമായ സ്ഥാനമാണുള്ളത്. മലയാള സിനിമകള്‍ എക്കാലത്തും നാടിന്റെ അഭിമാനമാണ്. മലയാളത്തിലെ വിഖ്യാതരായ സിനിമാസംവിധായകരും പ്രതിഭാശാലികളായ കഥയെഴുത്തുകാരും പ്രഗല്ഭമതികളായ അഭിനേതാക്കളും ജനപ്രിയരായ സംഗീതജ്ഞരും ഗായകരും ദേശീയതലത്തില്‍ എക്കാലത്തും ശ്രദ്ധിക്കപ്പെട്ടു. നാടിന്റെ ചലച്ചിത്രസംസ്‌കാരം രൂപപ്പെടുത്തുന്നതിലും മലയാള സിനിമാ കലാകാരന്‍മാര്‍ മുഖ്യ പങ്കാണു നിര്‍വഹിച്ചത്. ജീവിതഗന്ധിയായ സിനിമകളാണ് മലയാളത്തെ മുന്നിലെത്തിച്ചത്. അതുകൊണ്ടുതന്നെയാണ് മലയാള സിനിമയ്്ക്ക് എല്ലാകാലത്തും നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചുപോരുന്നത്.
ഇത്തവണയാണെങ്കില്‍ 16 ദേശീയ അവാര്‍ഡുകളാണ് മലയാളത്തിനു ലഭിച്ചത്. അങ്ങേയറ്റം അഭിമാനത്തോടും ആദരവോടും കൂടിയാണ് മലയാള കലാകാരന്‍മാരും പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഡല്‍ഹിയിലെത്തിയത്. അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റും ഒപ്പമുണ്ടായിരുന്നു. ഇന്ത്യയുടെ പ്രഥമപൗരനായ രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്ന അസുലഭ മുഹൂര്‍ത്തം കാത്തിരിക്കുകയായിരുന്നു അവരെല്ലാം. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യനിമിഷമായി അതിനെ അവരെല്ലാം കരുതി. അവാര്‍ഡ് റിഹേഴ്‌സലുകളിലും സജീവ പങ്കാളികളായി. അവസാന നിമിഷമാണ് രാഷ്ട്രപതി 11 അവാര്‍ഡുകള്‍ മാത്രമേ സമ്മാനിക്കുന്നുള്ളൂവെന്ന ഇടിത്തീ പോലെയുള്ള അറിയിപ്പു കിട്ടിയത്. ഇന്ത്യയുടെ ചലച്ചിത്ര പുരസ്‌കാര വിതരണത്തിലെ 65 വര്‍ഷത്തെ പാരമ്പര്യം തകിടംമറിച്ചുകൊണ്ടുള്ള തീരുമാനം. സിനിമാകലാകാരന്‍മാരെ ആദരിക്കുന്നതിനു പകരം അപമാനിക്കുന്ന ഏര്‍പ്പാട്.
രാജ്യത്തിന്റെ നാനാഭാഗത്തുനിന്നെത്തിയ അവാര്‍ഡ് ജേതാക്കള്‍ പകച്ചുനിന്നുപോയി. അപമാനഭാരത്താല്‍ ലജ്ജിച്ചു. സിനിമാലോകത്ത് തങ്ങളേക്കാള്‍ താരമൂല്യം കുറവായ നടിയും സീരിയല്‍ അഭിനേതാവും മന്ത്രിയുമായ സ്മൃതി ഇറാനിയാണ് തങ്ങള്‍ക്കൊക്കെ അവാര്‍ഡ് നല്‍കുന്നതെന്നു കേട്ടപ്പോള്‍ ഇവരൊക്കെ തലകുനിച്ചു. എന്തുചെയ്യണമെന്നറിയാതെ അവാര്‍ഡ് വാങ്ങാനെത്തിയവര്‍ ഇരിക്കുമ്പോഴാണ് മലയാളി അവാര്‍ഡ് ജേതാക്കള്‍ നട്ടെല്ലു നിവര്‍ത്തി മുന്നോട്ടുവന്നത്. പ്രതിഷേധിക്കണം, ശക്തമായി പ്രതിഷേധിക്കണം, ചടങ്ങ് ബഹിഷ്‌കരിക്കണം എന്ന മലയാളികളുടെ ശബ്ദം അവിടെ ഉച്ചത്തില്‍ മുഴങ്ങി. കലാകാരന്‍മാരുടെ ആത്മാഭിമാനം ഉണര്‍ന്നു.
മികച്ച സഹനടന്‍ ഫഹദ് ഫാസില്‍, മികച്ച നടിക്കുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ പാര്‍വതി, ഭാഗ്യലക്ഷ്മി, സുരേഷ് എറിയാട്, ഷൈനി ജേക്കബ് ബെഞ്ചമിന്‍, രമേശ് നാരായണ്‍ തുടങ്ങിയ മലയാളി കലാകാരന്‍മാര്‍ നട്ടെല്ലു നിവര്‍ത്തി നിന്നപ്പോള്‍ മറ്റു ഭാഷകളിലെ 60ലധികം കലാകാരന്‍മാര്‍ അവരോടൊപ്പം എന്തിനും തയ്യാറായി അണിനിരന്നു. മലയാളികളുടെ നേതൃത്വത്തില്‍ അവാര്‍ഡ് ജേതാക്കളില്‍ പകുതിയോളം പേര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു. അതോടെ ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് തീര്‍ത്തും നിറംകെട്ടതായി മാറി. കേന്ദ്രസര്‍ക്കാര്‍ നാണിച്ചു. ചടങ്ങ് അലങ്കോലമാക്കുന്നതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ട ഉണ്ടാവാം. പ്രധാനമന്ത്രിയുടെ വിശ്വസ്തയാണ് ഈ മന്ത്രിനടി. അവാര്‍ഡ് വിതരണത്തിലൂടെ തന്റെ ഇമേജും ഒപ്പം പാര്‍ട്ടിയുടെ ഇമേജും കേന്ദ്രഭരണത്തിന്റെ ഇമേജും ഒന്നു മിനുക്കാമെന്ന്  അവര്‍ ലക്ഷ്യമിട്ടിരിക്കാം.
രാഷ്ട്രപതിഭവനെ തന്നെ ഇതിനുവേണ്ടി കരുവാക്കിയിട്ടുണ്ടാവാം. സകല കണക്കുകൂട്ടലുകളും തെറ്റി. മന്ത്രിനടി പരിഹാസ്യ കഥാപാത്രമായി. മന്ത്രിനടിയുടെ അഭ്യാസങ്ങളൊക്കെ മലയാളി കലാകാരന്‍മാരുടെ നട്ടെല്ലിനു മുമ്പില്‍ തകര്‍ന്നുപോയി.                                                         ി

RELATED STORIES

Share it
Top