മന്ത്രിക്കെതിരേയുള്ള സമരം പ്രഹസനമായി മാറുന്നു: യൂത്ത് കോണ്‍ഗ്രസ്

എടപ്പാള്‍: മന്ത്രി കെ ടി ജലീലിനെതിരേ യുഡിഎഫും കോണ്‍ഗ്രസും നടത്തിവരുന്ന സമരങ്ങള്‍ വെറും പ്രഹസനമായിമാറുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മന്ത്രിയുടെ ചെയ്തികള്‍ക്കെതിരേ സമര പ്രഖ്യാപനം നടത്തുന്ന നേതാക്കള്‍ തന്നെ സമരത്തോടു മുഖംതിരിഞ്ഞുനില്‍ക്കുന്ന കാഴ്ചയാണ് മന്ത്രിയുടെ മണ്ഡലമായ തവനൂരില്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. എടപ്പാളില്‍ സിനിമാ തിയറ്ററില്‍ പിഞ്ചുകുട്ടി ലൈംഗിക പീഡനത്തിനിരയായ കേസില്‍ പ്രതികളെ സംരക്ഷിക്കുന്നതിന് മന്ത്രി ഇടപെട്ടെന്ന പ്രചാരണത്തെ തുടര്‍ന്നു ബുധനാവ്ച യൂത്ത് കോണ്‍ഗ്രസ് നടത്തിയ മന്ത്രിയുടെ ഓഫിസ് മാര്‍ച്ചില്‍ നൂറില്‍താഴെ മാത്രം പേരാണ് പങ്കെടുത്തത്.
യൂത്ത് കോണ്‍ഗ്രസ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് നരിപ്പറമ്പിലെ മന്ത്രിയുടെ ഓഫിസിലേയ്ക്കു മാര്‍ച്ച് നടത്താന്‍ ആഹ്വാനം ചെയ്തത്. എന്നാല്‍ ഈ ആഹ്വാനത്തിനപ്പുറം മാര്‍ച്ചില്‍ യുവജന പങ്കാളിത്തം ഉറപ്പിക്കാനായി നേതാക്കള്‍ യാതൊരുവിധ പ്രവര്‍ത്തനങ്ങളും നടത്തിയില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
യുഡിഎഫിന്റേയും വിശിഷ്യാ കോണ്‍ഗ്രസ്സിന്റെയും പ്രാദേശിക നേതാക്കള്‍ തങ്ങള്‍ക്കു താല്‍പര്യമുള്ള കാര്യങ്ങള്‍ നേടുന്നതിനും സാധിക്കുന്നതിനുമായി മന്ത്രി ജലീലിനെ നേരില്‍ കണ്ടും തിരുവനന്തപുരത്തേയും വളാഞ്ചേരിയിലേയും അദ്ദേഹത്തിന്റെ വീട്ടില്‍ പോയും ബന്ധപ്പെടുന്നതാണ് പതിവ്.
ഇത്തരം നേതാക്കള്‍ക്ക് മന്ത്രിക്കെതിരേ സമരം നടത്തുന്നതിനും മുദ്രാവാക്യം വിളിക്കുന്നതിനും കഴിയാത്ത സ്ഥിതിയാണുള്ളതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍പറയുന്നു. മന്ത്രിയുടെ നരിപ്പറമ്പിലെ ഓഫിസ് സ്ഥിതി ചെയ്യുന്ന തവനൂര്‍ മണ്ഡലത്തില്‍ നിന്നുപോലും മാര്‍ച്ചില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഉദ്ഘാടനം ചെയ്യുമെന്നു പ്രഖ്യാപിച്ച എംഎല്‍എ ഓഫിസ് മാര്‍ച്ചിനായി ഒരു മൈ്ക് സെറ്റ് പോലും ഏര്‍പ്പാടാക്കാന്‍ നേതാക്കള്‍ തയ്യാറാവാത്തത് മന്ത്രി ജലീലിനോട് പാര്‍ട്ടി നേതാക്കള്‍ക്കുള്ളതാല്‍പര്യമാണ് വെളിവാക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.

RELATED STORIES

Share it
Top