മന്തുരോഗം സ്ഥിരീകരിച്ച പ്രദേശങ്ങള്‍ കലക്ടര്‍ സന്ദര്‍ശിച്ചു

കോഴിക്കോട്: ഇതരസംസ്ഥാ ന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് എങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ പെര്‍മിറ്റ് കിട്ടുന്നുവെന്നും വാണിജ്യ അനുമതിയുള്ള കെട്ടിടങ്ങള്‍ എങ്ങനെ താമസസ്ഥലങ്ങളായി മാറുന്നുവെന്നും അന്വേഷിക്കുമെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങള്‍ക്കെതിരേ ഇനിയുള്ള നടപടികള്‍ ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. മറുനാടന്‍ തൊഴിലാളികളില്‍ മന്ത് റിപോര്‍ട്ട് ചെയ്ത കായക്കൊടി, കുറ്റിയാടി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍.
താമസസ്ഥലങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തവ പൂട്ടിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. അതേസമയം, പെട്ടെന്ന് എല്ലാവരെയും പെരുവഴിയില്‍ ഇറക്കിവിട്ടാല്‍ അതൊരു സാമൂഹിക പ്രശ്‌നമാവും. അതിനാല്‍ നാട്ടുകാര്‍ കൂടി സഹകരിച്ച് എല്ലാവരെയും നല്ല താമസസ്ഥലങ്ങളിലേക്കു മാറ്റിയ ശേഷം കെട്ടിട ഉടമകള്‍ക്കെതിരേ നടപടിയെടുക്കും. ഇങ്ങനെ നടപടി എടുക്കുമ്പോള്‍ പലരും കോടതിയില്‍ പോയി സ്റ്റേ ഓര്‍ഡര്‍ വാങ്ങിക്കുകയാണ്. ഈ സാഹചര്യം നേരിടാന്‍ ഇനി നടപടി ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലാക്കി മാറ്റും. ഇതോടെ ഒഴികഴിവുകള്‍ ഇല്ലാതാവും. കായക്കൊടി പഞ്ചായത്തില്‍ ഇതിനകം പരിശോധിച്ച 31 കെട്ടിടങ്ങളില്‍ 26 എണ്ണവും പരിതാപകരമായ സ്ഥിതിയിലാണെന്ന്  ബോധ്യപ്പെട്ടതായി കലക്ടര്‍ അറിയിച്ചു. ഇവയില്‍ അടച്ചുപൂട്ടേണ്ടവയ്ക്ക് വൈകാതെ നോട്ടിസ് നല്‍കും. കുറ്റിയാടി പഞ്ചായത്തിലെ കുറ്റിയാടി ചെറുപുഴയിലേക്ക് മലിനജലം ഒഴുക്കിവിടുന്ന കെട്ടിടങ്ങള്‍, ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകള്‍ തുടങ്ങിയവയും കലക്ടര്‍ സന്ദര്‍ശിച്ചു. ഇവയുടെ ആവശ്യമായ ദൃശ്യങ്ങളും കലക്റ്റര്‍ ശേഖരിച്ചു. ഗ്രാമപ്പഞ്ചായത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആവശ്യമുള്ളത്ര ആരോഗ്യ പരിശോധന നടത്താത്ത കാര്യം സ്‌നേഹതീരം റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കലക്ടറുടെ ശ്രദ്ധയില്‍കൊണ്ടുവന്നു. കായക്കൊടി പഞ്ചായത്തില്‍ ഇതിനകം 46 പേര്‍ക്ക് മന്ത് രോഗം സ്ഥിരീകരിച്ചതായി ഡിഎംഒ ഡോ. വി ജയശ്രീ പറഞ്ഞു. ഇവരില്‍ അഞ്ചു പേര്‍ രോഗം സ്ഥിരീകരിച്ച ഉടനെ നാട്ടിലേക്കു പോയി. മറ്റുള്ളവര്‍ക്ക് ഇവിടെത്തന്നെ ചികില്‍സ നല്‍കി. ഇവരുടെ അണുബാധ ചികില്‍സ ിച്ചു മാറ്റാവുന്നതാണ്. നാട്ടില്‍ മന്ത് കൊതുകിന്റെ ലാര്‍വയെ കണ്ടെത്തിയിട്ടില്ല. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭയപ്പെടാനില്ല. നാട്ടുകാരില്‍ നടത്തിയ പരിശോധനയില്‍ മന്ത് രോഗം കണ്ടെത്തിയിട്ടില്ലെന്നും ഡിഎംഒ അറിയിച്ചു. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ. ബിജോയ്, കായക്കൊടി സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. സി  കെ വിനോദ്, കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടിഅശ്വതി, ജനകീയ കൂട്ടായ്മ ഭാരവാഹികളായ എന്‍എ അബ്ദുറഹ്മാന്‍, ജിജി തളീക്കര, തയ്യുള്ളതില്‍ നാസര്‍, സ്‌നേഹതീരം റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കക്കാണ്ടിയില്‍ നാസര്‍, എന്‍ പി ശക്കീര്‍, ജസീല്‍ കുറ്റിയാടി, ഒ കെ കരീം, കെ എം സിറാജ് തുടങ്ങിയവര്‍ കലക്ടറുടെ സംഘത്തെ അനുഗമിച്ചു.

RELATED STORIES

Share it
Top