മനോഹരിയായി ഞണ്ടിറുക്കി വെള്ളച്ചാട്ടം

തൊടുപുഴ: മണ്‍സൂണ്‍ ടൂറിസത്തിന് സാധ്യതയുള്ള വെള്ളച്ചാട്ടം. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ പൂമാലയ്ക്ക് സമീപമുള്ള ഞണ്ടിറുക്കി വെള്ളച്ചാട്ടം മഴക്കാലത്ത് ഏറെ മനോഹരിയാകുന്നു. റോഡിനോട് ചേര്‍ന്ന് കരിമ്പാറക്കെട്ടുകളില്‍ ചിന്നിച്ചിതറി വെള്ളം ഒഴുകുന്ന കാഴ്ച മനോഹരമാണ്.
കൂടാതെ ഉയരത്തില്‍ നിന്നും വെള്ളം കുത്തിച്ചാടുന്നതും ജലകണങ്ങള്‍ മഞ്ഞുപോലെ ദേഹത്തു വീഴുന്നതും മനസ്സിന് ആനന്ദം നല്‍കുന്നു. വര്‍ഷങ്ങളായി ഒട്ടേറെ വികസനപദ്ധതികള്‍ ഇവിടെ നടത്തിയെങ്കിലും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുവാനായിട്ടില്ല. വലിയ വെള്ളച്ചാട്ടത്തിലേയ്ക്ക് പ്രകാശം നല്‍കിയാല്‍ രാത്രിയില്‍ മനോഹരകാഴ്ചയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ലൈറ്റുകള്‍ സ്ഥാപിച്ചെങ്കിലും ഇന്ന് അവയൊന്നും തെളിയുന്നില്ല.
വെള്ളച്ചാട്ടത്തില്‍ നിന്നും മിനി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് വഴി വൈദ്യുതി ഉത്പ്പാദിപ്പിച്ചായിരുന്നു പ്രകാശം നല്‍കിയത്. സെക്യൂരിറ്റി സംവിധാനം ഇല്ലാതിരുന്നതിനാല്‍ ഇവിടെ സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സാമൂഹിക വിരുദ്ധര്‍ അപഹരിക്കുകയായിരുന്നു.
അപകടരഹിതമായ ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന പ്രത്യേകതയും ഞണ്ടിറുക്കി വെള്ളച്ചാട്ടത്തിനുണ്ട്. പ്രകൃതി കനിഞ്ഞുനല്‍കിയ സൗന്ദര്യം ആസ്വദിക്കുവാനുള്ള സംവിധാനം ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ അഭ്യര്‍ത്ഥന. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഇവിടെ ടൂറിസം വികസനത്തിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല.

RELATED STORIES

Share it
Top