മനോജ് വധം: ഏഴര വര്‍ഷത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍: കല്യാശ്ശേരി കോലത്തുവയലിലെ സിപിഎം പ്രവര്‍ത്തകന്‍ വി പി മനോജിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴര വര്‍ഷത്തിനു ശേഷം കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ സിഐ ടി കെ രത്‌നകുമാറാണ് 1250 പേജുള്ള കുറ്റപത്രം കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) മുമ്പാകെ സമര്‍പ്പിച്ചത്. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തരായ 9 പേരാണ് കേസിലെ പ്രതികള്‍. ആകെ 93 സാക്ഷികളെ വിസ്തരിച്ചു.
കേസുമായി ബന്ധപ്പെട്ട 114 വിവിധ രേഖകളും ഹാജരാക്കി. കേസിലെ ഒന്നാംപ്രതിയായ സുനില്‍കുമാര്‍ എന്ന പാമ്പ് സുനിക്ക് കൊല്ലപ്പെട്ട മനോജ് ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരോടുള്ള വിരോധമാണ് കൊലയ്ക്കു പിന്നിലെന്നാണു കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകത്തിന് മുമ്പ് ഒന്നാംപ്രതിയായ സുനിയെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ചക്കരക്കല്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് സിപിഎം നേതൃത്വത്തില്‍ കല്യാശ്ശേരി മേഖലകളില്‍ സുനിക്കെതിരേ വ്യാപകമായ പ്രചാരണവും പോസ്റ്ററും പതിച്ചിരുന്നു. ഇതിന്‍മേലുള്ള വിരോധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് കുറ്റപത്രത്തിലുള്ളത്. 2011 ജനുവരി 11ന് രാത്രി എട്ടോടെയാണ് മനോജ് കൊല്ലപ്പെട്ടന്നത്. രണ്ടു ഡിവൈഎസ്പിമാരും ഏഴു സിഐമാരും അന്വേഷിച്ച കേസിന്റെ കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചത്. കൊലപാതകക്കേസിലെ മൂന്നാം പ്രതിയായിരുന്ന ദിനൂപ് കുമാര്‍ അന്ന് കേസന്വേഷിച്ചിരുന്ന പി സുകുമാരന്‍ മുമ്പാകെ താന്‍ ഈ കേസില്‍ പങ്കാളിയല്ലെന്നു തെളിയിക്കുന്ന വിധത്തിലുള്ള വ്യാജരേഖകള്‍ ഹാജരാക്കിയതാണ് അന്വേഷണം വൈകാന്‍ കാരണം.
ദിനൂപിനു പുറമെ കുട്ടിക്കൃഷ്ണന്‍, സുനില്‍കുമാര്‍, അരുണ്‍, ബിജു, ഗിരിധരന്‍, പുരുഷോത്തമന്‍, ലിജേഷ് എന്നിവരാണ് മറ്റുപ്രതികള്‍. ഇതില്‍ പുരുഷോത്തമനാണ് വെട്ടിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. അന്വേഷണത്തില്‍ പ്രതിഭാഗം സംശയമുന്നയിച്ചതിനെ തുടര്‍ന്ന് പ്രസ്തുത കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ജില്ലാ പോലിസ് മേധാവി ഡിജിപിക്ക് ശിപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ഡിജിപി പ്രസ്തുത കേസ് ക്രൈംബ്രാഞ്ചിന് വിടാതെ ടൗണ്‍ ഇന്‍സ്‌പെക്്ടര്‍ രത്‌നകുമാറിന് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

RELATED STORIES

Share it
Top