മനുസ്മൃതി: വിവാദ ഭാഗങ്ങള്‍ നീക്കാന്‍ ആര്‍എസ്എസ്‌ന്യൂഡല്‍ഹി: പുരാതന ഹൈന്ദവഗ്രന്ഥങ്ങളില്‍ നിന്ന് സ്ത്രീവിരുദ്ധവും ദലിത് വിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നീക്കംചെയ്യാനുള്ള ശ്രമങ്ങളുമായി ആര്‍എസ്എസിന്റെ സാംസ്‌കാരിക സംഘമായ സംസ്‌കാര്‍ ഭാരതി. ഇതിനായി കേന്ദ്ര സാംസ്‌കാരികമന്ത്രാലയവുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കാനാണ് സംഘത്തിന്റെ ആലോചന. ആദ്യഘട്ടമെന്ന നിലയില്‍ ദലിത് വിരുദ്ധ പരാമര്‍ശങ്ങള്‍കൊണ്ട് ഏറെ വിവാദമായ മനുസ്മൃതിയിലെ വിവാദ ഭാഗങ്ങള്‍ നീക്കംചെയ്യുന്നതിനായുള്ള സംവാദങ്ങള്‍ സംഘടിപ്പിക്കുമെന്ന് സംഘടനയുടെ ജോയിന്റ് സെക്രട്ടറി അമിര്‍ ചന്ദ് വ്യക്തമാക്കി. മനുസ്മൃതിയിലെ ദലിത് വിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഭാഗങ്ങള്‍ ഉയര്‍ത്തി ഹൈന്ദവഗ്രന്ഥങ്ങള്‍ക്കെതിരേ നടക്കുന്ന വിമര്‍ശനങ്ങളെ നേരിടുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. മനുസ്മൃതിയില്‍ സ്ത്രീവിരുദ്ധവും ദലിത് വിരുദ്ധവുമായ ചില പരാമര്‍ശങ്ങള്‍ ഉണ്ടെന്നും അത് നീക്കം ചെയ്യപ്പെടണമെന്നും അതിനെ തങ്ങള്‍ പിന്തുണയ്ക്കില്ലെന്നും മനുസ്മൃതിയെ പുതിയ കാലത്തിനനുസരിച്ച് പുനര്‍വ്യാഖ്യാനിക്കേണ്ടതുണ്ടെന്നും ഇതിനായി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അമിര്‍ ചന്ദ് കൂട്ടിച്ചേര്‍ത്തു. അതേസമയം, അത്തരത്തില്‍ ഒരു നിര്‍ദേശവും ഇതുവരെ ആര്‍എസ്എസിന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്നും നിര്‍ദേശം ലഭിച്ചാല്‍ അക്കാര്യം പരിശോധിക്കുമെന്നും കേന്ദ്ര സാംസ്‌കാരികമന്ത്രി മഹേഷ് ശര്‍മ പറഞ്ഞു. 8,000 വര്‍ഷം മുമ്പ് ജനിച്ചെന്ന് വിശ്വസിക്കപ്പെടുന്ന മനുവിന്റെ ജനനത്തിനു ശേഷം 5,500 വര്‍ഷം ഇപ്പുറം എഴുതിയ മനുസ്മൃതിയുടെ വിവിധ പതിപ്പുകളുടെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്നും ഇവ ഗവേഷണത്തിനു വിധേയമാക്കുമെന്നും അമിര്‍ ചന്ദ് പറഞ്ഞു. ഹൈന്ദവഗ്രന്ഥങ്ങള്‍ ദലിത്-സ്ത്രീവിരുദ്ധ വികാരങ്ങള്‍ ഒരിക്കലും അനുകൂലിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഋഗ്വേദത്തിലെ 47 ശ്ലോകങ്ങള്‍ എഴുതിയത് ഒരു സ്ത്രീയാണ്. ഇത്തരം വേദങ്ങള്‍ എങ്ങനെ സ്ത്രീവിരുദ്ധമാവുമെന്നും അദ്ദേഹം ചോദിച്ചു.

RELATED STORIES

Share it
Top