മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിന് കര്‍മപരിപാടി നടപ്പാക്കും: മന്ത്രി കെ രാജു

തിരുവനന്തപുരം: മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വനംവകുപ്പ് കര്‍മപരിപാടി ആവിഷ്‌കരിച്ചു നടപ്പാക്കിവരുകയാണെന്ന് മന്ത്രി കെ രാജു. വന്യജീവി വാരാഘോഷം വനംവകുപ്പ് ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യജീവികളുടെ സൈ്വരജീവിതം തടസ്സപ്പെടുമ്പോഴാണ് അവ അക്രമകാരികളാവുന്നത്. പെറ്റുപെരുകി നാട്ടിലേക്കിറങ്ങുന്ന പന്നി പോലെയുള്ള മൃഗങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. ഇവയെ ശല്യവിഭാഗമായി പ്രഖ്യാപിച്ച് നിയന്ത്രിക്കുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്.
കേരളത്തിലുണ്ടായ പ്രളയം നാടിനു മാത്രമല്ല, കാടിനും വലിയ നാശമുണ്ടാക്കിയതായി മന്ത്രി പറഞ്ഞു. അരണ്യം വന്യജീവി വാരപ്പതിപ്പും ഇന്ത്യന്‍ വന്യമൃഗങ്ങളെക്കുറിച്ചുള്ള പുസ്തകവും മന്ത്രി പ്രകാശനം ചെയ്തു.
സെമിനാറില്‍ ഐക്യരാഷ്ട്ര സഭ ദുരന്തനിവാരണ ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍, മുന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ ജെ വര്‍ഗീസ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ഹാമിദലി വാഴക്കാട്, മാധ്യമപ്രവര്‍ത്തക ആരതി സംസാരിച്ചു.

RELATED STORIES

Share it
Top