മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ പോരാടുക: എന്‍ഡബ്ല്യുഎഫ്

എറണാകുളം:  ജനാധിപത്യ ഇന്ത്യയില്‍ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെയുള്ള പീഡനങ്ങളും തല്ലിക്കൊല്ലലുകളും നിത്യസംഭവമായി മാറുന്ന സാഹചര്യത്തില്‍ നിയമങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും സ്ത്രീ സമൂഹം ബോധവതികളാവുകയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ പോരാടാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യണമെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം ഷീബാ സഗീര്‍.അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തില്‍ 'അവകാശങ്ങള്‍ ഉറപ്പു വരുത്തുക ജനാധിപത്യം സംരക്ഷിക്കുക' എന്ന പ്രമേയത്തില്‍ എന്‍ഡബ്ല്യുഎഫ് ആലുവ പെരിയാര്‍വാലിയില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ മതപരമായും രാഷട്രീയമായും സാമൂഹികമായും പീഡനവും വിവേചനവും അനുഭവിച്ചുകൊണ്ടിരിക്കുന്നു. നിരപരാധികളെ ഒരു പുഴുവിന്റെ വില പോലും കല്‍പിക്കാതെ നടുറോഡിലിട്ട് തല്ലിക്കൊല്ലുന്നു. ഇതിനെതിരേ നടപടിയെടുക്കേണ്ടവര്‍ അവരെ സംരക്ഷിച്ച് വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നു. ഇതുമൂലം മുഖ്യമായും ഇരകളാക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഇത്തരം സാഹചര്യത്തില്‍ നിയമങ്ങളെയും അവകാശങ്ങളെയും കുറിച്ച് ബോധവതികളായിക്കൊണ്ട് അനീതിക്കെതിരേ അധര്‍മത്തിനെതിരേ പോരാടാന്‍ സ്ത്രീ സമൂഹം മുന്നോട്ടു വരേണ്ടതാണെന്നും അവര്‍ പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി  മുഖ്യ പ്രഭാഷണം നടത്തി.  എന്‍ഡബ്ല്യുഎഫ് സംസ്ഥാന സെക്രട്ടറി റഹീമ, റസീന, റമീന സംബന്ധിച്ചു.

RELATED STORIES

Share it
Top