മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ സമൂഹം ജാഗ്രത പാലിക്കണം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

ആലപ്പുഴ: മതേതര ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റം വര്‍ധിച്ചുവരികയാണെന്നും ഇതിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്വന്തം വിശ്വാസം അനുസരിച്ചു ജീവിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനും പറ്റാത്ത അവസ്ഥയിലേക്ക് രാജ്യം എത്തിയിരിക്കുന്നു. അനീതിക്കെതിരേ ശബ്ദിച്ചതിന്റെ പേരില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തുകയും പശുവിന്റെ പേരിലും വ്യാജ ലൗ ജിഹാദിന്റെ പേരിലും മനുഷ്യരെ പച്ചയ്ക്ക് കത്തിച്ചും വെടിയുതിര്‍ത്തും സംഘപരിവാര ഫാഷിസം കൊന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ പൗരന്മാരുടെ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരുകള്‍ വേട്ടക്കാരുടെ പക്ഷത്തുനില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണ്. മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനും പോരാട്ടങ്ങള്‍ക്കും സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് റൈഹാനത്ത് സുധീര്‍ അധ്യക്ഷതവഹിച്ചു.  ജനറല്‍ സെക്രട്ടറി സബീന കോയാപ്പൂ, ഷൈലജ ഹുസൈന്‍, സീനത്ത് സുല്‍ഫി, ഹിദായത്ത് ഷമീര്‍, ഷീജ നൗഷാദ്, വാഹിദാ കുഞ്ഞ്, റസീന സജീവ്, ഹസീന ബഷീര്‍, ഷീബ നിസാര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top