മനുഷ്യാവകാശ ലംഘനങ്ങളെച്ചൊല്ലി ജമ്മുകശ്മീര്‍ നിയമസഭ സ്തംഭിച്ചു

ജമ്മു: സംസ്ഥാനത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു ജമ്മുകശ്മീര്‍ നിയമസഭയില്‍ ബഹളം. പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടര്‍ന്നതോടെ സഭ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. സഭ സമ്മേൡച്ചതോടെ ചോദ്യോത്തര വേള നിര്‍ത്തിവച്ച് കശ്മീര്‍ താഴ്‌വരയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍, വിഷയത്തില്‍ അടിയന്തര ചര്‍ച്ച നിഷേധിച്ച സ്പീക്കര്‍ കവിന്ദര്‍ ഗുപ്ത ചോദ്യോത്തരവേളയ്ക്കു ശേഷമേ വിഷയം ചര്‍ച്ച ചെയ്യാനാവൂ എന്നറിയിക്കുകയായിരുന്നു. ഇതോടെ, നാഷനല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പ്രതിപക്ഷകക്ഷികള്‍ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയും സഭയില്‍ നിന്നിറങ്ങിപ്പോവുകയും ചെയ്തു. ഇതിനിടെ, സര്‍ക്കാരിനെതിരേ പ്രതിഷേധിച്ച് ഭരണകക്ഷിയായ ബിജെപി എംഎല്‍എ സുഖ്‌നാന്ദന്‍ ചൗധരിയും ബിജെപി എംഎല്‍സി അജാത് ശത്രു സിങും രംഗത്തെത്തിയതും ശ്രദ്ധേയമായി. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിലപാടില്‍ പ്രതിഷേധിച്ച് സുഖ്‌നാന്ദന്‍ ചൗധരി രണ്ടുതവണ സഭയുടെ നടുത്തളത്തിലിറങ്ങി. പിന്നീട് ചൗധരി സഭയില്‍ നിന്നിറങ്ങിപ്പോവുകയും ചെയ്തു. മഹാരാജാ ഹരി സിങിന്റെ ജന്‍മദിനത്തിനു പൊതു അവധി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് അജാത് ശത്രു സഭയില്‍ നിന്നിറങ്ങിപ്പോയത്. സര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളിച്ചു ബഹളം തുടര്‍ന്ന പ്രതിപക്ഷം താഴ്‌വരയില്‍ സാധാരണക്കാരായ മനുഷ്യര്‍ നിരന്തരമായി കൊല്ലപ്പെടുകയാണെന്നും ഇറങ്ങിപ്പോവുന്നതിനു മുമ്പ് ആരോപിച്ചു. താഴ്‌വരയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അടിയന്തര ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല എന്ന സര്‍ക്കാര്‍ തീരുമാനം അപലപനീയമാണ്. ഇതിനാലാണ് സഭയില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ തീരുമാനിച്ചതെന്നു സിപിഎം നേതാവ് എ വൈ തരിഗാമി സഭയ്ക്കു പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. സ്പീക്കറുടെ നടപടിക്കെതിരേ നാഷനല്‍ കോണ്‍ഫറന്‍സ് എംഎല്‍എ ദേവേന്ദ്ര റാണയും രംഗത്തെത്തി. ഭരണകക്ഷി എംഎല്‍എയെ പോലും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ പറ്റാത്ത സര്‍ക്കാരാണ് സംസ്ഥാനത്തേതെന്നു റാണ ആരോപിച്ചു. ബിജെപി എംഎല്‍എ സുഖ്‌നാന്ദന്‍ ചൗധരിയുടെ പ്രതിഷേധം ചൂണ്ടിക്കാണിച്ചായിരുന്നു റാണയുടെ പരാമര്‍ശം. അതേസമയം, സര്‍ക്കാരിനെതിരേ വ്യക്തമായ വിമര്‍ശനങ്ങള്‍ക്ക് പ്രതിപക്ഷത്തിന് വിഷയങ്ങളില്ലെന്നും ഇതിനാലാണ് മനുഷ്യാവകാശ ലംഘനങ്ങളെന്ന ആരോപണമുന്നയിച്ചു സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നതെന്നും മന്ത്രി എ ആര്‍ വീരി ആരോപിച്ചു.

RELATED STORIES

Share it
Top