'മനുഷ്യാവകാശ പ്രവര്‍ത്തനം ജനകീയം ആക്കിയത് മുകുന്ദന്‍ സി മേനോന്‍'

കോഴിക്കോട്: ചാരുകസേര ബുദ്ധിജീവികളുടെ നേരംപോക്കായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തനത്തെ ജനകീയ മുന്നേറ്റമാക്കിയ മഹാരഥനായിരുന്നു മുകുന്ദന്‍ സി മേനോനെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍.
തീര്‍ത്തും ദരിദ്രമായ അവസ്ഥയില്‍പ്പോലും പ്രതിഫലേച്ഛയില്ലാതെ അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചയാളായിരുന്നു മേനോനെന്നും അദ്ദേഹം അനുസ്മരിച്ചു. പ്രമുഖ മനുഷ്യാവകാശ പോരാളിയും മാധ്യമപ്രവര്‍ത്തകനുമായിരുന്ന മുകുന്ദന്‍ സി മേനോന്റെ നാമധേയത്തില്‍ നാഷനല്‍ കോണ്‍ഫെഡറേഷ ന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ) ഏര്‍പ്പെടുത്തിയ അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ പ്രശ്‌നങ്ങളെ യഥാവിധി മനസ്സിലാക്കി ഇടപെട്ടയാളാണ് മേനോന്‍.
പിഡിപി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനി അറസ്റ്റിലായ ഉടനെ അദ്ദേഹത്തിന്റെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെപ്പോലുള്ള പ്രമുഖര്‍പോലും മടിച്ചുനിന്നപ്പോള്‍ നിര്‍ഭയം രംഗത്തിറങ്ങിയത് മേനോനായിരുന്നു. ലോകത്തെ മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ചും പ്രസ്ഥാനങ്ങളെക്കുറിച്ചും ആഴത്തില്‍ അറിവുള്ള സര്‍വകലാശാലയായിരുന്നു അദ്ദേഹം. ഇന്റലിജന്‍സ് ബ്യൂറോ (ഐബി)യുടെ ആളാണ്, മുസ്‌ലിം സംഘടനകളുമായി ഒത്തുനില്‍ക്കുന്നത് വന്‍തോതില്‍ പണം ലഭിച്ചിട്ടാണ് തുടങ്ങിയ ഒട്ടേറെ ആരോപണങ്ങള്‍ മേനോന് നേരെ ചൊരിഞ്ഞവരുണ്ട്.
ഭരണകൂട ഭീകരതയ്ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരേയുള്ള മേനോന്റെ പോരാട്ടവീര്യത്തെ ഇതൊന്നും തളര്‍ത്തിയില്ലെന്നും ഇ അബൂബക്കര്‍ പറഞ്ഞു.
കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രീയ, മാധ്യമ, സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top