മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്: ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ വിദഗ്ധര്‍

ജനീവ/ ന്യൂഡല്‍ഹി: ഇന്ത്യയില്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കെതിരേ ഭീകരപ്രവര്‍ത്തന കുറ്റങ്ങള്‍ ചുമത്തിയതില്‍ യുഎന്‍ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചു. മനുഷ്യാവകാശ നിഷേധങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കുന്നതിനാണ് ഭീകരവാദ കേസുകള്‍ അവര്‍ക്കെതിരേ ചുമത്തുന്നതെന്നും യുഎന്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരായ സുരേന്ദ്ര ഗാഡ്‌ലിങ്, റോണ വില്‍സണ്‍, ഷോമ സെന്‍, സുധീര്‍ ധാവ്‌ലെ, മഹേഷ് റാവത്ത് എന്നിവരെ ഈ വര്‍ഷം ജൂണ്‍ 6ന് അറസ്റ്റ് ചെയ്തിരുന്നു. നാലു മാസമായി പൂനെ യെര്‍വാദ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് ഇവര്‍.
ഇതിനു പുറമേ കവിയും സാമൂഹിക പ്രവര്‍ത്തകരായ വരവര റാവു, സുധ ഭരദ്വാജ്, വെര്‍ണോന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവര്‍ വീട്ടുതടങ്കലില്‍ തുടരുകയാണ്.
വീട്ടുതടങ്കലില്‍ കഴിയുകയായിരുന്ന ഗൗതം നവ്‌ലാഖയെ കഴിഞ്ഞ ദിവസം കോടതി മോചിപ്പിച്ചിരുന്നു. ഇവരുടെ കേസുകള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ടുപോവണമെന്നും ഇക്കാര്യത്തില്‍ അധികൃതരുടെ ഉറപ്പ് വേണമെന്നും യുഎന്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
നവ്‌ലാഖയെ മോചിപ്പിച്ച നടപടി സ്വാഗതം ചെയ്യുന്നതായും അവര്‍ പ്രതികരിച്ചു. നവ്‌ലാഖയുടെ മോചനത്തിനെതിരേ അപ്പീല്‍ പോകാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കം അപലപനീയമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
10 മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരേ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയത് ആശങ്കാജനകമാണ്. ന്യായമായ രീതിയില്‍ കോടതി നടപടികള്‍ മുന്നോട്ടുപോകുമെന്നതിന് അധികൃതരുടെ ഉറപ്പ് വേണം. മനുഷ്യാവകാശ പ്രവര്‍ത്തകരെ ക്രിമിനല്‍വല്‍ക്കരിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കേണ്ടതാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top