മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ നാലാഴ്ചത്തേക്ക് നീട്ടി

ന്യൂഡല്‍ഹി: ഭീമ കൊരേഗാവ് സംഘര്‍ഷത്തിന്റെ പേരില്‍ അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി ഭൂരിപക്ഷ വിധിയിലൂടെ തള്ളി. ഇവരുടെ വീട്ടുതടങ്കല്‍ നാലാഴ്ചത്തേക്ക് കൂടി നീട്ടുകയും ചെയ്തു.
മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് റൊമീല ഥാപ്പര്‍, പ്രഭാത് പട്‌നായിക്, സതീഷ് ദേശ്പാണ്ഡെ തുടങ്ങിയവര്‍ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറുമാണ് ഭൂരിപക്ഷ വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് ഖാന്‍വില്‍ക്കറാണ് ഭൂരിപക്ഷ വിധി തയ്യാറാക്കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇതിനോട് യോജിച്ചു. അതേസമയം, വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തി ഡി വൈ ചന്ദ്രചൂഡ് പ്രത്യേക വിധിപ്രസ്താവം നടത്തി.
മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടി അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഡി വൈ ചന്ദ്രചൂഡ് ന്യൂനപക്ഷ വിധി പ്രസ്താവിച്ചത്. 48 പേജുള്ള വിധിപ്രസ്താവമാണ് ഭൂരിപക്ഷ ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്നത്. 43 പേജുള്ള വിധിയാണ് ഡി വൈ ചന്ദ്രചൂഡിന്റേത്.
രാഷ്ട്രീയമായ എതിരഭിപ്രായത്തിന്റെ പേരിലല്ല അറസ്‌റ്റെന്നാണ് ഭൂരിപക്ഷ വിധിയില്‍ പറയുന്നത്. പോലിസിനെ അവിശ്വസിക്കേണ്ടതില്ലെന്നും മഹാരാഷ്ട്ര പോലിസിന് അന്വേഷണം തുടരാമെന്നുമാണ് വിധിയില്‍ പറയുന്നത്. എതിരഭിപ്രായം തല്ലിക്കെടുത്തുന്നതിന് വേണ്ടി മാത്രമാണ് അറസ്റ്റ് എന്നതിന് തെളിവു കണ്ടെത്താനായില്ല. അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്. അതുകൊണ്ട് പോലിസിന് അന്വേഷണവുമായി മുന്നോട്ടുപോവാം.
മറ്റു നിയമ നടപടികള്‍ക്കായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി.ഭീമ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെടുത്തിയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരായ വരവരറാവു, അരുണ്‍ ഫെരാറിയ, വെര്‍ണോന്‍ ഗോണ്‍സാല്‍വസ്, സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ എന്നിവരെ പൂനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നത്.

RELATED STORIES

Share it
Top