മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്‌തെളിവ് കൃത്രിമമെങ്കില്‍ പ്രത്യേക അന്വേഷണസംഘം

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: മാവോവാദി ബന്ധമാരോപിച്ച് മഹാരാഷ്ട്ര പോലിസ് അറസ്റ്റ് ചെയ്ത അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള തെളിവുകള്‍ കൃത്രിമമായി നിര്‍മിക്കപ്പെട്ടതാണെന്നു കണ്ടെത്തിയാല്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നു സുപ്രുംകോടതി.
ആദ്യം തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നു വ്യക്തമാക്കിയ കോടതി, തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തിയാല്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്നും പറഞ്ഞു. ക്രിമിനല്‍ നടപടിക്രമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഗുരുതരമായ ലംഘനങ്ങള്‍ നടന്നിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.
മാധ്യമങ്ങളെ ഉപയോഗിച്ച് പോലിസ് കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നു ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയതോടെയാണ്, കോടതി ആവശ്യമെങ്കില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടുമെന്നു വാക്കാല്‍ ഉറപ്പു നല്‍കിയത്.
വിഷയത്തില്‍ കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണമോ, കേന്ദ്ര ഏജന്‍സികളായ സിബിഐയോ, എന്‍ഐഎയോ വേണമെന്നു ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി ആവശ്യപ്പെട്ടു. എന്നാല്‍ തെളിവുകള്‍ ആദ്യം തങ്ങള്‍ പരിശോധിക്കുമെന്നും ഇത് പരിശോധിക്കുമ്പോള്‍ കൃത്രിമമായ തെളിവുകളാണങ്കില്‍ തിര്‍ച്ചയായും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാമെന്നുമാണു കോടതി വ്യക്തമാക്കിയത്.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കതിരേയുള്ള തെളിവുകളായി നിര്‍മിച്ചെടുത്ത കഥകളാണു മാധ്യമങ്ങളിലൂടെ വരുന്നതെന്ന് അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, മാധ്യമങ്ങളിലെന്താണു വരുന്നതെന്നു തങ്ങള്‍ക്ക് അറിയേണ്ടതില്ലെന്നു വ്യക്തമാക്കിയ കോടതി, എല്ലാ ക്രിമിനല്‍ക്കേസുകളിലും വ്യാജമായ തെളിവുകളാണെന്ന ആരോപണമെന്നും നിരീക്ഷിച്ചു. സര്‍ക്കാരിന്റെയും ഹരജിക്കാരുടെയും തെളിവുകള്‍ തങ്ങള്‍ പരിശോധിക്കും. നമുക്കു ബുധനാഴ്ച കാണണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം സംരക്ഷിക്കുന്നതിനാണു കോടതി ഹരജി പരിഗണിച്ചതെന്നും അറസ്റ്റിലായവരെ വീട്ടുതടങ്കലിലാക്കിക്കൊണ്ടുള്ള തങ്ങളുടെ ഇടക്കാല ഉത്തരവു തുടരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
തെളിവുകള്‍ നാളെ കോടതിയില്‍ ഹാജരാക്കുമെന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് വ്യക്തമാക്കി. അറസ്റ്റ് ചെയ്തവര്‍ക്കു കോടതി ജാമ്യം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top