മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ ഈ മാസം 17വരെ നീട്ടി

ന്യൂഡല്‍ഹി: മാവോവാദി ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പോലിസ് അറസ്റ്റ് ചെയ്ത അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സുപ്രിംകോടതി വീണ്ടും നീട്ടി. കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന 17ാം തിയ്യതി വരെയാണ് ഇവരുടെ വീട്ടുതടങ്കല്‍ നീട്ടിയിരിക്കുന്നത്. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഹരജിക്കാര്‍ക്കു വേണ്ടി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിക്ക് മറ്റൊരു കോടതിയില്‍ കേസുള്ളതിനാല്‍ ഹരജി പരിഗണിക്കുന്നത് 17ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ഇന്നലെ കേസ് പരിഗണനയ്‌ക്കെടുത്ത കുറഞ്ഞ സമയത്തിനുള്ളില്‍ കോടതിക്കുള്ളില്‍ ചൂടേറിയ വാദപ്രതിവാദം നടന്നു. ഭീമ കൊരേഗാവ് സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണില്‍ അറസ്റ്റിലായ അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിംഗിനെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു മൂന്നാംകിട ക്രിമിനലിനോടെന്ന പോലെയാണ് പെരുമാറിയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ മിനാല്‍ ഗാംഡ്‌ലിംഗിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആനന്ദ് ഗ്രോവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, തെരുവില്‍ ഉപയോഗിക്കുന്ന ഭാഷ പരമോന്നത കോടതിയില്‍ ഉപയോഗിക്കരുതെന്നായിരുന്നു ഇതിന് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ ഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ മറുപടി. ഗാഡ്‌ലിംഗിന് പോലിസ് കസ്റ്റഡിയില്‍ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടുവെന്നും സ്വന്തം ജാമ്യത്തിന് വേണ്ടി വാദിക്കാന്‍ പോലും അനുവദിച്ചില്ലെന്നും ആനന്ദ് ഗ്രോവര്‍ ചൂണ്ടിക്കാട്ടി.
ഗാംഡ്‌ലിംഗ് ഒരു അഭിഭാഷകനാണെന്ന് അറിയാമെന്നും എന്നാല്‍ തങ്ങളുടെ ഉത്തരവാദിത്തക്കുറിച്ചു നല്ല ബോധ്യമുണ്ടെന്നുമായിരുന്നു തുഷാര്‍ മേത്തയുടെ വാദം.
ഗാഡ്‌ലിംഗ് ഉള്‍പ്പെടെ അറസ്റ്റിലായ മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ റൊമീല ഥാപ്പറുടെ ഹരജിയില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തന്റെ ഭര്‍ത്താവിനെ പോലിസ് ആസൂത്രണം ചെയ്തു കുടുക്കുകയായിരുന്നു എന്നാണ് മിനാല്‍ ഗാഡ്‌ലിംഗിന്റെ ഹരജിയില്‍ പറയുന്നത്. അറസ്റ്റിലായ അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തരുടെ കാര്യവും സമാനമാണെന്നും തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി, പോലിസ് കേസില്‍ മുന്‍വിധികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് ചൂണ്ടിക്കാട്ടി.
വിയോജിപ്പുകള്‍ പ്രകടിപ്പിച്ചതിനല്ല മറിച്ച് മാവോവാദി ബന്ധത്തിന് വ്യക്തമായ തെളിവ് ലഭിച്ചതുകൊണ്ടാണ് മനുഷ്യാവകാശപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് മഹാരാഷ്ട്ര പോലിസ് സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. നിരോധിക്കപ്പെട്ട സിപിഐ മാവോയിസ്റ്റ് സംഘടനയുടെ ഭാഗമായ പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചനയിലും പങ്കെടുത്തുവെന്നാണ് പൂനെ പോലിസ് സത്യവാങ്മൂലത്തില്‍ പറഞ്ഞത്.
ഭീമ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പ്രമുഖ വിപ്ലവ കവി വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, മനുഷ്യാവകാശപ്രവര്‍ത്തകരായ ഗൗതം നവ്‌ലാഖ, അരുണ്‍ ഫെരേര, വെര്‍നണ്‍ ഗോണ്‍സാല്‍വസ് എന്നിവരെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top