മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്ന് പിടിച്ചെടുത്ത കത്തുകള്‍ കെട്ടിച്ചമച്ചതെന്ന്

ന്യൂഡല്‍ഹി: മാവോവാദി ബന്ധമാരോപിച്ച് പൂനെ പോലിസ് അറസ്റ്റ് ചെയ്്ത ആക്റ്റിവിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്തതായി പ്രചരിപ്പിക്കുന്ന കത്തുകളും ഇ-മെയിലുകളും കെട്ടിച്ചമച്ചതും തെറ്റായ അനുമാനങ്ങള്‍ നിറഞ്ഞതും ആണെന്ന് എന്‍ഡിടിവിയുടെ വിശകലനത്തില്‍ കണ്ടെത്തി. ജൂണ്‍, ആഗസ്ത് മാസങ്ങളില്‍ അറസ്റ്റിലായ ഇടതു ചായ്‌വുള്ള അഭിഭാഷകരും ബുദ്ധിജീവികളുമായ 10 പേര്‍ക്കെതിരേ പ്രധാന തെളിവായി പോലിസ് ചൂണ്ടിക്കാട്ടുന്നത് ഇവരില്‍ നിന്നു പിടിച്ചെടുത്തുവെന്ന് അവകാശപ്പെടുന്ന ഈ കത്തുകളാണ്. സമൂഹത്തിന്റെ ഛിദ്രത ഉണ്ടാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുന്നതുള്‍പ്പെടെയുള്ള വന്‍ ആക്രമണങ്ങള്‍ക്ക് ആയുധങ്ങള്‍ ശേഖരിക്കാനും സംഘം ഗൂഢാലോചന നടത്തിയെന്ന് ഈ കത്തുകളുടെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി പോലിസ് ആരോപിക്കുന്നുണ്ട്. നിരവധി സന്ദേശങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇതില്‍ 13 എണ്ണം മാത്രമാണ് മാധ്യമങ്ങള്‍ക്കു നല്‍കിയതെന്നുമാണു പോലിസ് അവകാശവാദം. ഇതില്‍ ആറു കത്തുകള്‍ ജൂലൈ 2017നും ജനുവരി 2018നും ഇടയിലുള്ളതാണ്. കത്തുകള്‍ പിടിച്ചെടുത്തതു ലാപ്‌ടോപ്പുകളില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നുമാണെന്നു പോലിസ് അവകാശപ്പെടുമ്പോഴും ഒന്നില്‍ പോലും ഡിജിറ്റല്‍ സിഗ്നേച്ചറോ ഇ-മെയില്‍ ഹെഡേഴ്‌സോ ഇല്ല. കത്തുകളില്‍ തന്ത്രങ്ങളും പദ്ധതികളും വിശദീകരിക്കുന്നതിനു കോഡ് ഭാഷകള്‍ ഉപയോഗിക്കാത്തതും പദ്ധതികളെക്കുറിച്ച വിശദ വിവരങ്ങള്‍ ഉള്‍പ്പെട്ടതും 13 കത്തുകളുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. ഗ്രനേഡ് ലോഞ്ചറുകള്‍ വാങ്ങുന്നതും എത്തിക്കുന്നതുമായ കാര്യങ്ങള്‍ വരെ ഈ കത്തിലുണ്ട്. രഹസ്യ കോഡുകളൊന്നുമില്ലാതെയാണ് ഈ പദ്ധതികള്‍ വിശദീകരിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി കാര്യങ്ങളിലൂടെ ഈ കത്തുകള്‍ പ്രത്യക്ഷത്തില്‍ തന്നെ കെട്ടിച്ചമച്ചതാണെന്നു വ്യക്തമാണെന്ന് കോണ്‍ഫഌക്റ്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജയ് സാഹ്‌നി പറയുന്നു. അടുത്തിടെ എഴുതിയെന്ന് പറയുന്ന 100 പേജ് വരുന്ന രേഖകളില്‍ സീക്രട്ട്, സീക്രട്ട്‌ലി, സീക്രസി എന്നി പദങ്ങള്‍ 96 പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്. ഒരു 15കാരന്‍ ആദ്യ കുറ്റകൃത്യത്തില്‍ പോലും ഇത്തരം വാക്കുകള്‍ ഉപയോഗിക്കില്ലെന്നും അജയ് സാഹ്‌നി വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top