മനുഷ്യാവകാശ കരാറുകള്‍ ഫലപ്രദമോ?

ജോവന്‍  റോയ്  ലോഫ്
''മനുഷ്യാവകാശങ്ങള്‍ക്ക് മൗലിക പ്രാധാന്യം നല്‍കുന്ന വികസിത രാഷ്ട്രങ്ങളില്‍ അമേരിക്ക മാത്രമാണ് പട്ടിണിയില്‍ നിന്നും മതിയായ ചികിത്സ കിട്ടാതെയുള്ള മരണത്തില്‍ നിന്നുമുള്ള മോചനം അവകാശമായി അംഗീകരിക്കാത്ത രാഷ്ട്രം''- ഫിലിപ് ആള്‍സ്റ്റണ്‍.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അമേരിക്ക സന്ദര്‍ശിച്ച് കടുത്ത പട്ടിണിയെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ച് റിപോര്‍ട്ട് തയ്യാറാക്കി ഐക്യരാഷ്ട്രസഭയ്ക്ക് സമര്‍പ്പിച്ച ഫിലിപ് ആള്‍സ്റ്റണ്‍ എന്ന നിയമ പ്രഫസറുടെ വാക്കുകളാണിവ. അമേരിക്കയില്‍ നിലനില്‍ക്കുന്ന ദാരിദ്ര്യം പൗരന്മാരുടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം അമേരിക്ക സന്ദര്‍ശിച്ചത്. വിമര്‍ശനാത്മകമായ ഈ റിപോര്‍ട്ടിന്റെ ഉള്ളടക്കത്തെ ചോദ്യംചെയ്തുകൊണ്ട് ഒട്ടനേകം വിദഗ്ധ ലേഖനങ്ങള്‍ പുറത്തുവന്നു. ദാരിദ്ര്യം: അമേരിക്കന്‍ ശൈലി, പ്രഫസറും ദാരിദ്ര്യ വിനോദയാത്രയും, യുദ്ധവും ദാരിദ്ര്യവും തുടങ്ങിയവയാണവ.
ഐക്യരാഷ്ട്ര സഭയുടെ രൂപീകരണത്തോടൊപ്പം തന്നെയാണ് സമഗ്രമായ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമവും ആരംഭിച്ചത്. ''രണ്ടാം ലോകയുദ്ധം അവസാനിക്കുന്നതിനു മുമ്പുവരെ ഒരു രാഷ്ട്രം അവിടത്തെ പ്രജകളോട് എങ്ങനെ പെരുമാറുന്നുവെന്നത് മറ്റൊരാള്‍ക്ക് നോക്കേണ്ട കാര്യമില്ല എന്ന അവസ്ഥയായിരുന്നു'' (ലൂയിസ് ഹെന്‍കിന്‍).
മനുഷ്യാവകാശ സംരക്ഷണവും പരിഷ്‌കരണവും ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. രണ്ടാം ലോകയുദ്ധത്തിലേക്ക് നയിക്കുകയും യുദ്ധകാലത്ത് തുടരുകയും ചെയ്ത അനേകം ആക്രമണങ്ങളില്‍ നിരവധി പേര്‍ ഭയചകിതരായിരുന്നുവല്ലോ. 1948ല്‍ യുഎന്‍ പൊതുസഭ അംഗീകരിച്ച ആഗോള മനുഷ്യാവകാശ പ്രഖ്യാപനം (യൂനിവേഴ്‌സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമന്റൈറ്റ്‌സ്) നടപ്പാക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതല്ലെങ്കിലും നിയമപരമായി ബാധ്യതയാക്കപ്പെട്ട ഉടമ്പടികളുടെ മുഖവുരയായിരുന്നു അത്.
ഭൂമിയുടെ നിയമം എന്ന നിലയ്ക്കാണ് അമേരിക്കന്‍ ഭരണഘടന ഇതിനെ പരിഗണിച്ചിരുന്നത്. അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ നിന്നും പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റിന്റെ നാലു സ്വാതന്ത്ര്യ പ്രഭാഷണത്തില്‍ നിന്നുമുള്ള പ്രചോദനമാണ് ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിനു നിമിത്തമായത്. 1941ല്‍ സ്റ്റേറ്റുകളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ലോകത്തെ ഓരോ ജനതയ്ക്കും അവകാശപ്പെട്ട മൗലികമായ നാലു സ്വാതന്ത്ര്യത്തെപ്പറ്റി റൂസ് വെല്‍റ്റ് ചൂണ്ടിക്കാണിച്ചത്: സംസാരിക്കാനും ആശയപ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യം, ആരാധന നടത്താനുള്ള സ്വാതന്ത്ര്യം, ക്ഷാമത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം, ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നിവയാണവ (ആഗോള മനുഷ്യാവകാശ പ്രഖ്യാപനം- യുഡിഎച്ച്ആര്‍ ആമുഖം).
സ്വാതന്ത്ര്യം, നീതി, ലോകസമാധാനം എന്നിവയുടെ അടിസ്ഥാനം മനുഷ്യകുലത്തിലെ ഓരോ അംഗത്തിനും ജന്മസിദ്ധമായി ലഭിച്ച പദവിക്കുള്ള അംഗീകാരവും തുല്യതയും അന്യാധീനപ്പെടുത്താന്‍ സാധിക്കാത്ത അവകാശവുമാണെന്ന് ഈ പ്രഖ്യാപനത്തിന്റെ ആമുഖത്തിലുണ്ട്. മനുഷ്യാവകാശത്തോടുള്ള അവഗണനയും വെറുപ്പും മനുഷ്യകുലത്തിന്റെ മനസ്സാക്ഷിക്കു നേരെയുള്ള അക്രമമാണ്. ആശയപ്രകടനത്തിനും വിശ്വാസത്തിനുമുള്ള സ്വാതന്ത്ര്യവും ഭയത്തില്‍ നിന്നും ക്ഷാമത്തില്‍ നിന്നുള്ള മോചനവും അനുഭവിക്കുന്ന ഒരു ലോകം സാധാരണ മനുഷ്യരുടെ അഭിലാഷമായി ഇതു വിളംബരം ചെയ്യുന്നു. സ്വേച്ഛാധിപത്യത്തിനും അടിച്ചമര്‍ത്തലിനുമെതിരേ അവസാന ഉപാധിയെന്ന നിലയില്‍ പ്രക്ഷോഭം നടത്തുമ്പോള്‍ മനുഷ്യാവകാശം നിയമപരമായിത്തന്നെ ഇരകളെ സംരക്ഷിക്കുന്നതായിരിക്കണം.
പ്രഖ്യാപനം തയ്യാറാക്കിയ യുഎന്‍ സമിതി ഉള്ളടക്കത്തെ രണ്ട് ഉടമ്പടികളായി വിഭജിക്കുകയാണുണ്ടായത്. പൊതുസമൂഹവുമായി ബന്ധമുള്ള വിഷയങ്ങളില്‍ അമേരിക്കയ്ക്ക് താല്‍പര്യമില്ലാത്തതാണ് ഇതിനുള്ള ഒരു കാരണം. ജോലി ചെയ്യാനുള്ള അവകാശം, മതിയായ വേതനം, തൊഴില്‍ സംഘടനകളുടെ രൂപീകരണം, വിശ്രമവും അവധിയും, ആരോഗ്യസുരക്ഷ, തുല്യ വേതനവും തുല്യ ജോലിയും തുടങ്ങിയ അമേരിക്കയ്ക്ക് ഇഷ്ടമില്ലാത്ത വിഷയങ്ങള്‍ ഉള്ളടക്കത്തിലുണ്ടായിരുന്നു.
പൗര-രാഷ്ട്രീയ അവകാശത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ഉടമ്പടി അമേരിക്ക അംഗീകരിച്ചിരുന്നു. ആശയപ്രകടനത്തിനുള്ള സ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം തുടങ്ങി അമേരിക്കയുടെ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ഇതിലുണ്ട്. ക്രിമിനല്‍ നടപടികളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഭരണഘടനയില്‍ ഉള്ളതിലപ്പുറമുള്ള വിഷയങ്ങള്‍ക്കും ഈ കരാറില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. തൊഴില്‍ സംഘടനകള്‍ രൂപീകരിക്കുകയും അതില്‍ അംഗത്വമെടുക്കുകയും ചെയ്യുക, സ്ത്രീ-പുരുഷസമത്വം, വിവേചനം അവസാനിപ്പിക്കല്‍, സ്വാഭാവിക ഇടവേളകളിലുള്ള തിരഞ്ഞെടുപ്പ്, തുല്യ വോട്ടവകാശം, സ്വകാര്യ ബാലറ്റ്, വോട്ടര്‍മാരുടെ ആഗ്രഹത്തിന് ഉറപ്പു നല്‍കല്‍ തുടങ്ങിയവയ്ക്ക് ഇതില്‍ ഇടമുണ്ടായിരുന്നില്ല. കൊലപാതകക്കുറ്റം ചെയ്ത 18 വയസ്സിനു താഴെയുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും വധശിക്ഷയില്‍ ഇളവു നല്‍കുന്നതും ഈ ഉടമ്പടിയുടെ ഭാഗമായിരുന്നു.
ഉടമ്പടികളില്‍ ഓരോ രാഷ്ട്രങ്ങള്‍ക്കും അവരുടെ നിബന്ധനകളോടെ അംഗമാവാമായിരുന്നു. അങ്ങനെയാണ് ഉടമ്പടിയിലെ 20ാം വകുപ്പ് അമേരിക്ക എതിര്‍ത്തത്. അതില്‍ (1) യുദ്ധത്തിനുള്ള ഏതൊരു പ്രചാരണവും നിയമം മൂലം നിരോധിക്കണം, (2) വിവേചനത്തിനോ ശത്രുതയ്‌ക്കോ കലാപത്തിനോ ഹേതുവാകുന്ന ദേശീയമോ വര്‍ഗപരമോ മതപരമോ ആയ പ്രേരണകള്‍ നിരോധിക്കണം എന്നിവയാണ് അമേരിക്ക എതിര്‍ത്തത്.
ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, കാനഡ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രങ്ങള്‍ ചെയ്തതുപോലെ തങ്ങള്‍ സ്വതന്ത്ര ആശയപ്രചാരണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്നാണ് അമേരിക്ക പ്രസ്താവിച്ചത്. ലിംഗം, ജനിച്ച വര്‍ഗം, മതം, ജാതി, അംഗപരിമിതി എന്നിവയുടെ പേരില്‍ ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ നേര്‍ക്കുള്ള അധിക്ഷേപമാണ് ഡെന്‍മാര്‍ക്ക് തുടങ്ങിയ രാഷ്ട്രങ്ങള്‍ നിരോധിച്ചത്. വധശിക്ഷ എടുത്തുകളയാനുള്ള ആവശ്യത്തെയും അമേരിക്ക അംഗീകരിച്ചിട്ടില്ല. ഉടമ്പടി സ്വയം ഇക്കാര്യം നിര്‍വഹിക്കുന്നില്ല എന്നാണ് അവരുടെ ന്യായം. ചുരുക്കത്തില്‍, അമേരിക്കന്‍ നിയമങ്ങള്‍ പിന്തുണയ്ക്കുന്ന കാര്യങ്ങള്‍ മാത്രമേ അമേരിക്കയിലും പുറത്തും നടപ്പാക്കാന്‍ പാടുള്ളൂ എന്നാണ് അവരുടെ പക്ഷം.
അന്താരാഷ്ട്ര സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക അവകാശ ഉടമ്പടി അമേരിക്ക അംഗീകരിച്ചിട്ടില്ല. മറ്റ് 168 രാഷ്ട്രങ്ങള്‍ ഇതിനോട് യോജിച്ചിട്ടുണ്ട്. മതിയായ നിലവാരത്തില്‍ ജീവിക്കാനും ജോലി ചെയ്യാനും സാമൂഹിക സുരക്ഷയ്ക്കും വേതനത്തോടു കൂടിയ പ്രസവാവധി ലഭിക്കാനും ആരോഗ്യ സുരക്ഷയ്ക്കുമുള്ള സ്വാതന്ത്ര്യം അമേരിക്കയുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രധാന ഭാഗമല്ല. മാത്രമല്ല, നമ്മള്‍ കൊണ്ടാടുന്ന പ്രകടമായ നിലപാടിനെ അവരുടെ ആദ്യത്തെ ചട്ടം തന്നെ വെല്ലുവിളിക്കുകയും ചെയ്യുന്നു. അതായത്:
1. എല്ലാ ജനങ്ങള്‍ക്കും സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ രാഷ്ട്രീയ നിലപാട് തീരുമാനിക്കുകയും സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക വളര്‍ച്ച കൈവരിക്കുകയും ചെയ്യുന്നു.
2. അന്താരാഷ്ട്ര നിയമത്തിന്റെയും പരസ്പര ഗുണകാംക്ഷാ തത്ത്വങ്ങളുടെയും ബാധ്യത കണക്കിലെടുക്കാതെ എല്ലാ ജനങ്ങള്‍ക്കും അവരുടെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
3. ഉടമ്പടിയില്‍ ഭാഗഭാക്കായ മറ്റു രാഷ്ട്രങ്ങള്‍ അമേരിക്കയുടെ ചട്ടങ്ങള്‍ മാനിക്കാന്‍ തയ്യാറാവേണ്ടിവരും.
വര്‍ഗവിവേചനങ്ങള്‍ ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര ഉടമ്പടിയാണ് മനുഷ്യാവകാശ കരാറിലെ മറ്റൊരു ഇനം. ഇതില്‍ യാതൊരു എതിര്‍പ്പും രേഖപ്പെടുത്താതെയാണ് അമേരിക്ക ഒപ്പുവച്ചത്. എന്നാല്‍, സ്ത്രീകള്‍ക്കെതിരേയുള്ള വിവേചനം ഉന്മൂലനം ചെയ്യാനുള്ള കരാറില്‍ മറ്റ് 189 രാഷ്ട്രങ്ങളില്‍ നിന്നു വ്യത്യസ്തമായി അമേരിക്ക നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. കുട്ടികളുടെ അവകാശത്തെക്കുറിച്ചുള്ള കരാറിന്റെ കാര്യത്തിലാകട്ടെ, അമേരിക്ക മാത്രമാണ് യോജിക്കാത്ത രാഷ്ട്രം. അമേരിക്ക കരാര്‍ അംഗീകരിക്കണമെങ്കില്‍ പ്രസിഡന്റിന്റെയും സെനറ്റര്‍മാരില്‍ മൂന്നില്‍ രണ്ടു പേരുടെയും അനുവാദം വേണം. ഇതിന്റെ അവസാന ഘട്ടമാണ് ഏറ്റവും ദുഷ്‌കരം. സെനറ്റ് തള്ളിക്കളയുമെന്നു കരുതി ഉടമ്പടികളൊന്നും അവതരിപ്പിക്കാറു പോലുമില്ല. തങ്ങള്‍ എന്തു ചെയ്യണമെന്ന് രാഷ്ട്രത്തിനു പുറത്തുള്ളവര്‍ പറയേണ്ട കാര്യമില്ല എന്ന നിലപാടാണ് നേതാക്കള്‍ കൈക്കൊള്ളാറുള്ളത്. ഇക്കാര്യത്തില്‍ സെനറ്റര്‍മാര്‍ പറയുന്ന മറ്റൊരു കാരണം, അമേരിക്കയിലെ സംസ്ഥാന സര്‍ക്കാരുകളാണ് ഇത്തരം കാര്യങ്ങള്‍ നോക്കേണ്ടത് എന്നാണ്.                          ി

(അവസാനിക്കുന്നില്ല.)

RELATED STORIES

Share it
Top