മനുഷ്യാവകാശ കമ്മീഷന് ബിഗ് സല്യൂട്ട്‌

മധ്യമാര്‍ഗം - പരമു
കേരള മനുഷ്യാവകാശ കമ്മീഷന്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വെള്ളാനയാണെന്നാണു കേട്ടിരുന്നത്. മനുഷ്യാവകാശം സംരക്ഷിക്കാന്‍ കഴിയാത്ത കമ്മീഷന്‍ എന്ന ആക്ഷേപം നിരന്തരം ഉയര്‍ന്നിരുന്നു. 'മനുഷ്യാവകാശ കമ്മീഷന്‍ മണ്ണാങ്കട്ട' എന്ന തലക്കെട്ടില്‍ പരമു തന്നെ ഈ കോളത്തില്‍ രണ്ടുവര്‍ഷം മുമ്പ് എഴുതിയിട്ടുണ്ട്.
ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതികളും മറ്റു സംവിധാനങ്ങളും നിലവിലുണ്ട്. അതിലൂടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുന്നില്ലെന്നു കണ്ടാണ് മനുഷ്യാവകാശ കമ്മീഷനുകള്‍ രൂപീകരിച്ചത്. റിട്ടയേര്‍ഡ് ജഡ്ജിമാരായിരിക്കും ഇതിന്റെ ചെയര്‍മാന്‍മാര്‍. ഐപിഎസ് കാഡറിലുള്ള പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആവശ്യത്തിനു ജീവനക്കാരും ഓഫിസും വാഹനങ്ങളും കമ്മീഷനുണ്ട്. ഏത് പൗരനും പരാതി എഴുതി കമ്മീഷനു സമര്‍പ്പിക്കാം. ഓരോ ജില്ലകളിലും നടക്കുന്ന സിറ്റിങുകളില്‍ പരാതി പരിഗണിക്കപ്പെടും. മനുഷ്യാവകാശം തകര്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കമ്മീഷന്‍ വക ശകാരവര്‍ഷമുണ്ടാവും. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധിയുണ്ടാവും.
മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിങ് മാധ്യമങ്ങള്‍ക്ക് നല്ല കൊയ്ത്താണ്. ഇഷ്ടംപോലെ വാര്‍ത്തകളാണ്. കക്ഷികള്‍ക്കാണെങ്കില്‍ നീതി ലഭിച്ച ആഹ്ലാദവും. പക്ഷേ, ഒന്നും നടക്കില്ല. കമ്മീഷന്റെ ഉത്തരവുകള്‍ മണ്ണാങ്കട്ടയാണെന്ന് നമുക്കു വൈകാതെ മനസ്സിലാവും. കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ പുല്ലുവില കല്‍പിക്കാറില്ല. നഷ്ടപരിഹാരത്തിന്റെ കാര്യത്തിലാണെങ്കില്‍ ഉദ്യോഗസ്ഥരും സര്‍ക്കാരും ഹൈക്കോടതിയില്‍ പോയി സ്‌റ്റേ സമ്പാദിക്കും. മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, ബലാല്‍സംഗ കമ്മീഷന്‍ തുടങ്ങിയ കമ്മീഷനുകളുടെ വിധികള്‍ സ്റ്റേ ചെയ്യാന്‍ ഹൈക്കോടതിക്ക് പ്രത്യേക താല്‍പര്യവുമാണ്. കാരണം, ഈ കമ്മീഷനുകള്‍ സമാന്തര നീതിനിര്‍വഹണ സംവിധാനങ്ങളായി മാറുന്നു എന്നതാണ് ന്യായാധിപന്‍മാരുടെ പരാതി. കമ്മീഷന് കീര്‍ത്തിയും പത്രാസും ഒക്കെയുണ്ടെങ്കിലും പവറില്ല. അതുകൊണ്ട് ആര്‍ക്കെതിരേയും നടപടിയെടുക്കാനാവില്ല. നടപടി നിര്‍ദേശിക്കാനേ ആവുകയുള്ളൂ. അതത് കാലങ്ങളില്‍ വരുന്ന ഭരണക്കാരോട് ആഭിമുഖ്യം പുലര്‍ത്തുന്നവരായിരിക്കും ചെയര്‍മാനും കമ്മീഷന്‍ അംഗങ്ങളും. പുറമേക്ക് എന്തൊക്കെ പറഞ്ഞാലും രാഷ്ട്രീയമായ നിയമനങ്ങളാണ് ഇക്കാര്യത്തിലും നടക്കാറുള്ളത്. അതുകൊണ്ടൊക്കെ മനുഷ്യാവകാശ കമ്മീഷന് പൊതുസമൂഹത്തില്‍ വിലയും നിലയും ഉണ്ടായിരുന്നില്ല.
ഇതൊക്കെ പഴയ കഥ. ഇന്നു കേരളത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഏവരുടെയും ആദരവ് കരസ്ഥമാക്കിയിരിക്കുന്നു. കമ്മീഷന് അധികാരങ്ങളുണ്ടെന്നും മനുഷ്യാവകാശത്തിനായി പലതും ചെയ്യാന്‍ കഴിയുമെന്നും തെളിയിച്ച സംഭവങ്ങള്‍. വരാപ്പുഴ സ്വദേശി ശ്രീജിത്ത് പോലിസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിലാണ് കേരള മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ പി മോഹനദാസ് തന്റെ കടമകളും ഉത്തരവാദിത്തങ്ങളും നിര്‍വഹിച്ച് പ്രശംസ നേടിയത്.
ശ്രീജിത്തിനെ പോലിസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതു സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് ആരും പരാതി നല്‍കിയിരുന്നില്ല. കസ്റ്റഡിയിലെടുത്ത സംഭവം കേട്ടറിഞ്ഞാണ് മനുഷ്യാവകാശ കമ്മീഷന്‍ വിശദമായി അന്വേഷിക്കാനെത്തിയത്. അദ്ദേഹം ശ്രീജിത്തിനെ ആശുപത്രിയില്‍ ചെന്നു കണ്ടതിന് ഏതാനും മണിക്കൂറുകള്‍ക്കകമാണ് ആ ചെറുപ്പക്കാരന്‍ നമ്മെ വിട്ടുപിരിഞ്ഞത്. ക്രൂരമായ മര്‍ദനത്തിന്റെ പാടുകള്‍ അദ്ദേഹം ചെറുപ്പക്കാരന്റെ ശരീരത്തില്‍ നേരില്‍ കണ്ടു. ആശുപത്രിയില്‍ വച്ചുതന്നെ അദ്ദേഹം പോലിസിനെ വിമര്‍ശിച്ചു. ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനിലും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പോയി വിവരങ്ങള്‍ മനസ്സിലാക്കി. എല്ലാം രേഖപ്പെടുത്തിവച്ചു. കംപ്യൂട്ടര്‍ പരിശോധിച്ചപ്പോള്‍ പരാതിയിലോ മൊഴിയിലോ ശ്രീജിത്തിന്റെ പേരില്ലെന്നു ബോധ്യപ്പെട്ടു. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ടതായ സുപ്രിംകോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. നിയമം നഗ്നമായി കാറ്റില്‍പ്പറത്തി. ഭക്ഷണം, വെള്ളം, അടിയന്തര ചികില്‍സ, അഭിഭാഷക സഹായം എന്നിവ നല്‍കുന്നതില്‍ പോലിസ് ഗുരുതര വീഴ്ച വരുത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി. കസ്റ്റഡിയിലെടുത്ത ചെറുപ്പക്കാരനെ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കാത്തതിനെയും അദ്ദേഹം ചോദ്യംചെയ്തു. കണ്ടതും അറിഞ്ഞതും ശേഖരിച്ചതുമായ വിവരങ്ങള്‍ അപ്പോള്‍ തന്നെ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയതിനാല്‍ മനുഷ്യാവകാശ കമ്മീഷന്റെ വാക്കുകള്‍ ഈ കേസില്‍ നിര്‍ണായകമായ വഴിത്തിരിവായി. കമ്മീഷന്‍ സ്വമേധയാ ഇക്കാര്യത്തില്‍ കേസെടുക്കുകയും ചെയ്തു.
സംഭവത്തില്‍ ഉന്നതര്‍ അടക്കം ഗുരുതരമായ ക്രിമിനല്‍ക്കുറ്റം ചെയ്തിട്ടുണ്ടെന്നും ഇവരുടെ പേരില്‍ കൊലപാതകത്തിന് കേസെടുക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലിസും ഭരണകക്ഷിക്കാരും ചേര്‍ന്ന് കേസ് തേച്ചുമാച്ചുകളയാനുള്ള പരിശ്രമം ഇല്ലാതാക്കിയത് കമ്മീഷന്റെ സന്ദര്‍ഭോചിതമായ ഇടപെടലാണ്.                  ി

RELATED STORIES

Share it
Top