മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്; തീര്‍പ്പാക്കിയത് 14 കേസുകള്‍

തൊടുപുഴ: 88 കേസുകളാണ് തൊടുപുഴയില്‍ നടന്ന മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിങ്ങില്‍ എത്തിയത്. അതില്‍ 55 എണ്ണം പരിഗണിച്ചു. ഒന്‍പതു കേസുകളില്‍ ഓര്‍ഡര്‍ ആയതുള്‍പ്പെടെ 14 കേസുകള്‍ തീര്‍പ്പാക്കി.
തോട്ടം മേഖലയുമായി ബന്ധപ്പെട്ട പരാതികളായിരുന്നു കൂടുതലും. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളില്‍ തൊഴിലാളികള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന പരാതി കമ്മിഷനില്‍ എത്തി. പീരുമേട് ടീ കമ്പനിയിലെ രണ്ടു തൊഴിലാളികളാണ് ഗ്രാറ്റ്വിറ്റി ലഭിക്കുന്നില്ലെന്ന പരാതിയുമായി കമ്മിഷനു മുന്നിലെത്തിയത്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ഡപ്യൂട്ടി ലേബര്‍ കമ്മിഷണര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കു നോട്ടിസ് അയച്ചതായി മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസ് പറഞ്ഞു.
അര്‍ഹതപ്പെട്ട ഫാമിലി പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയും കമ്മിഷനു മുന്നിലെത്തി. അംഗപരിമിതനായ യുവാവാണ് അര്‍ഹതപ്പെട്ട ഫാമിലി പെന്‍ഷന്‍ ലഭിക്കുന്നില്ലായെന്ന പരാതിയുമായി കമ്മിഷനു മുന്നിലെത്തിയത്. 2010 നവംബര്‍ 19 മുതല്‍ യുവാവിന് ഫാമിലി പെന്‍ഷന് അര്‍ഹതയുണ്ട്.
എന്നാല്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ താമസിച്ചെന്ന കാരണത്താലാണ് ഫാമിലി പെന്‍ഷന്‍ നിഷേധിക്കുന്നതെന്നു പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ കമ്മിഷന്‍ വിശദീകരണം തേടി. കൂടാതെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കുകയാണെന്ന പരാതിയും കമ്മിഷനു മുന്നിലെത്തി.

RELATED STORIES

Share it
Top