മനുഷ്യാവകാശ കമ്മീഷനെതിരേ മുഖ്യമന്ത്രികമ്മീഷന്‍ അവരുടെ പണിയെടുത്താല്‍ മതി

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മീഷന്‍ മനുഷ്യാവകാശ കമ്മീഷന്റെ പണിയെടുത്താല്‍ മതി. മുന്‍കാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവന നടത്തരുതെന്നും പിണറായി പറഞ്ഞു. കമ്മീഷന് അവരുടെ ചുമതലയാണ് വഹിക്കുന്നതെന്ന് ഓര്‍മ വേണം. എന്തും വിളിച്ചുപറയുന്ന മാനസികാവസ്ഥയിലാണ് കമ്മീഷന്‍. കമ്മീഷന്റെ അപക്വമായ നിലപാടുകള്‍ അവഗണന മാത്രമേ അര്‍ഹിക്കുന്നുള്ളൂ. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശ്രീജിത്തിന്റെ കസ്റ്റഡിമരണം സിബിഐക്ക് വിടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ പി മോഹനദാസ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. റൂറല്‍ എസ്പി എ വി ജോര്‍ജിനെ പോലിസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ശ്രീജിത്തിന്റെ കസ്റ്റഡിമരണം നടക്കാന്‍ പാടില്ലാത്ത സംഭവമായിരുന്നു. പോലിസില്‍ മൂന്നാംമുറ ഒരിക്കലും അനുവദിക്കില്ല. സംസ്ഥാനത്ത് മൂന്നാംമുറ ആരോപണം ആദ്യമായിട്ടല്ല ഉയരുന്നത്. എന്നാല്‍, ഇത്ര വേഗത്തില്‍ നടപടി സ്വീകരിച്ചത് ആദ്യമാണ്. കേസിന്റെ അന്വേഷണം ഫലപ്രദമായാണ് നടക്കുന്നത്. സിഐ അടക്കം അഞ്ചുപേര്‍ക്കെതിരേ വകുപ്പുതല നടപടി എടുത്തിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട പോലിസുകാരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കൂടുതല്‍ പോലിസുകാര്‍ക്കു പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരേയും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കോവളത്ത് മരിച്ച വിദേശവനിത ലിഗയുടെ കുടുംബത്തെ കാണാന്‍ അനുമതി നല്‍കിയില്ലെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. മരിച്ച വിദേശവനിത ലിഗയുടെ സഹോദരി മുഖ്യമന്ത്രിയുടെ ഓഫിസില്‍ വന്നിരുന്നു. ഓഫിസ് ആവശ്യമായ നടപടികള്‍ എടുത്തിരുന്നു. അന്നു താന്‍ ഓഫിസിലുണ്ടായിരുന്നില്ല. തന്നെ കാണുന്നതിനു വേണ്ടി പിന്നീട് ശ്രമങ്ങളൊന്നും അവര്‍ നടത്തിയിരുന്നില്ല. തെറ്റായ വിവരം ബോധപൂര്‍വം പ്രചരിപ്പിക്കുകയായിരുന്നു. ലിഗയുടെ മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരും. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലൂടെ തോന്നുന്നത് വിളിച്ചുപറയുന്ന മാധ്യമസംസ്‌കാരം രൂപംകൊണ്ടിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്റെ മാനസികാവസ്ഥയിലുള്ളവരാണ് ഇത്തരക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരുടെ ലക്ഷ്യം കേരളത്തെ പ്രത്യേക രീതിയിലാക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് ആര്‍എസ്എസുമായി ബന്ധമുള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top