മനുഷ്യാവകാശ കമ്മീഷനും സര്‍ക്കാരും തമ്മില്‍ തുറന്നപോര്

തിരുവനന്തപുരം: വാരാപ്പുഴ കസ്റ്റഡി മരണത്തെച്ചൊല്ലി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സര്‍ക്കാരും തമ്മില്‍ തുറന്നപോര്. കമ്മീഷനെ വിമര്‍ശിച്ച മുഖ്യമന്ത്രിയെ തിരുത്തി കമ്മീഷന്‍ ആക്ടിങ്് ചെയര്‍മാന്‍ പി മോഹനദാസ്.
ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ ഇടപെടാന്‍  മനുഷ്യാവകാശക്കമ്മീഷന് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നിയമം അറിയാതെയാവും കമ്മീഷനെ വിമര്‍ശിച്ചത്. രാഷ്ട്രീയത്തെക്കാള്‍ നല്ലത് ജുഡീഷ്യറി ആണെന്ന് മനസ്സിലാക്കി രാഷ്ട്രീയം ഉപേക്ഷിച്ച് വന്നയാളാണ് താന്‍. എജിയോട് ചോദിച്ചാല്‍ കമ്മീഷന്റെ അധികാരം മുഖ്യമന്ത്രിക്ക് മനസ്സിലാവുമായിരുന്നെന്നും മോഹനദാസ് അഭിപ്രായപ്പെട്ടു. വരാപ്പുഴ കസ്റ്റഡിമരണത്തില്‍ മനുഷ്യാവകാശലംഘനം നടന്നിട്ടുണ്ട്. അത് ജനങ്ങളെ അറിയിക്കാന്‍ നിയമപരമായ ബാധ്യത കമ്മീഷനുണ്ട്.
ശ്രീജിത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്തം പോലിസിനാണ്. പോലിസിനെതിരേ നിരന്തരം കമ്മീഷന് പരാതി കിട്ടാറുണ്ട്. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാനുള്ള സര്‍ക്കാരിന്റെ അവകാശത്തില്‍ കടന്നുകയറിയിട്ടില്ല. ആരോപണവിധേയനായ ഒരാളെയാണ് പോലിസിന് പരിശീലനം നല്‍കാന്‍ നിയോഗിച്ചത്. ഇതിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശക്കമ്മീഷന്‍ കമ്മീഷന്റെ പണിയെടുത്താല്‍ മതിയെന്നും അദ്ദേഹത്തിന്റെ മുന്‍കാല രാഷ്ട്രീയ നിലപാടിന്റെ ഭാഗമാവരുതെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചത്.
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തൃപ്തനല്ലെന്നും അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നും പി മോഹനദാസ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മോഹനദാസിനെ വിമര്‍ശിച്ച് രംഗത്തെത്തി. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഒരു രാഷ്ട്രീയക്കാരനെപ്പോലെ അഭിപ്രായം പറയുന്നത് ശരിയല്ല. അങ്ങനെയാണെങ്കില്‍ അദ്ദേഹം ആ സ്ഥാനം രാജിവച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ പോവുന്നതാണ് നല്ലത്. കസ്റ്റഡിയിലെടുക്കുന്നവരോട് അപമര്യാദയായി പെരുമാറുന്ന പോലിസുകാര്‍ സര്‍വീസിലുണ്ടാവില്ലെന്നും കോടിയേരി പറഞ്ഞു.

RELATED STORIES

Share it
Top