മനുഷ്യാവകാശപ്രവര്‍ത്തകരെ തടവിലടച്ച തമിഴ്‌നാട് പോലിസിന്റെ നടപടി പ്രതിഷേധാര്‍ഹംകൊച്ചി: ജനകീയ മനുഷ്യാവകാശപ്രസ്ഥാനം പ്രസിഡന്റ് സി പി റഷീദിനെയും ഹരിഹരശര്‍മയേയും കള്ളക്കേസ് ചുമത്തി തടവിലടച്ച തമിഴ്‌നാട് പോലിസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇവരെ വിട്ടയക്കണമെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.കോയമ്പത്തൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന രാഷ്ട്രീയ തടവുകാരായ അനൂപ്, ഷൈന എന്നിവരെ സന്ദര്‍ശിക്കുന്നതിനായി ചെന്ന റഷീദും ഹരിഹരശര്‍മയും തടവുകാര്‍ക്കു കൈമാറിയ വസ്ത്രത്തിനകത്ത് പെന്‍ഡ്രൈവ് ഒളിപ്പിച്ചു കൈമാറാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് കേസ് എടുത്തിട്ടുള്ളത്. പ്രഥമദൃഷ്ട്യാ തന്നെ കെട്ടിച്ചമച്ച ഒരാരോപണമാണെന്ന് ആര്‍ക്കും ബോധ്യപ്പെടുന്ന ഒന്നാണ് ഇത്. കംപ്യൂട്ടര്‍ പോയിട്ട് പുസ്തകങ്ങള്‍ പോലും ലഭ്യമല്ലാത്തവിധം കഠിനമായ അവസ്ഥയില്‍ തടവില്‍ കഴിയുന്ന തടവുകാര്‍ക്കാണ് പെന്‍ഡ്രൈവ് കൈമാറാന്‍ ശ്രമിച്ചു എന്ന് ആരോപിക്കുന്നത്. മാവോവാദികള്‍ ഉള്‍െപ്പടെയുള്ള രാഷ്ട്രീയ തടവുകാര്‍ക്ക് നിയമസഹായം ലഭ്യമാക്കുകയും കേസുകള്‍ നടത്താന്‍ സഹായിക്കുകയും ചെയ്യുന്ന മനുഷ്യാവകാശപ്രവര്‍ത്തകരെയും അഭിഭാഷകരെയും അടിച്ചമര്‍ത്താന്‍ ഭരണകൂടം നടത്തുന്ന നീക്കങ്ങളില്‍ ഒടുവിലത്തേതാണ് റഷീദിന്റെയും ഹരിഹരശര്‍മയുടെയും അറസ്റ്റ്. മനുഷ്യാവകാശപ്രവര്‍ത്തകരെയും അഭിഭാഷകരെയും വൈറ്റ്‌കോളര്‍ മാവോവാദികള്‍ എന്നു വിശേഷിപ്പിച്ചുകൊണ്ട് ശക്തമായി അടിച്ചമര്‍ത്തുക എന്ന കേന്ദ്രസര്‍ക്കാരിന്റെ അജണ്ട നടപ്പാക്കാന്‍ ആണ് തമിഴ്‌നാട് സര്‍ക്കാര്‍ ഈ അറസ്റ്റിലൂടെ ശ്രമിച്ചിട്ടുള്ള—തെന്നും അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി പറഞ്ഞു.

RELATED STORIES

Share it
Top