മനുഷ്യാവകാശപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്: സിആര്‍പിപി പ്രതിഷേധിച്ചു

ന്യൂഡല്‍ഹി: മനുഷ്യാവകാശപ്രവര്‍ത്തകരുടെ വീടുകളില്‍ മഹാരാഷ്ട്ര പോലിസ് നടത്തിയ റെയ്ഡില്‍ രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി (സിആര്‍പിപി) ശക്തമായി പ്രതിഷേധിച്ചു. ജനുവരിയില്‍ ബീമാകൊരേഗാവ് യുദ്ധത്തിന്റെ 200ാമാണ്ട് ആചരിക്കുന്നതിനിടെ  ദലിതരും ഹിന്ദുത്വരും തമ്മില്‍ നടന്ന സംഘര്‍ഷത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് ആരോപിച്ചായിരുന്നു റെയ്ഡ്.
സിആര്‍പിപി പബ്ലിക് റിലേഷന്‍സ് സെക്രട്ടറി റോണ വില്‍സന്റെ ഡല്‍ഹിയിലെ വസതിയില്‍ പൂനെ പോലിസ് നടത്തിയ റെയ്ഡിനെ സംഘടന അപലപിച്ചു. രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങള്‍ക്കു വേണ്ടി  സജീവമായി പ്രവര്‍ത്തിക്കുന്നയാളാണ് റോണ വില്‍സണ്‍. സിആര്‍പിപിയുടെ പബ്ലിക് സെക്രട്ടറി എന്ന നിലയ്ക്ക് യുഎപിഎ, അഫ്‌സ്പ തുടങ്ങിയ നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അദ്ദേഹത്തെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുകയാണ്. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കബീര്‍ കലാമഞ്ച് നേതാവായ ജ്യോതി ജഗ്തവ്, ദലിത് പാന്തര്‍ നേതാവ് സുധീര്‍ ദവാലെ, മനുഷ്യാവകാശപ്രവര്‍ത്തകയായ ഹര്‍ഷലി വോട്ധര്‍, നാഗ്പൂര്‍ ജയിലില്‍ കിടക്കുന്ന ഡോ. സായ്ബാബയുടെ കേസ് വാദിക്കുന്ന അഡ്വ. സുരേന്ദ്ര ഗാസ്‌ലിങ് തുടങ്ങിയവരുടെ വീടുകളും ഓഫിസുകളുമാണ് റെയ്ഡ് നടത്തിയത്.
വിയോജിപ്പുകളെ നേരിടുന്നതിന് നിയമത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച ഉത്തരവിനെതിരേ ജനകീയ പ്രതിരോധം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള വില്‍സന്റെ ശ്രമങ്ങള്‍ തടയാനാണ് പോലിസ് ശ്രമം നടത്തുന്നതെന്നു സംഘടന വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

RELATED STORIES

Share it
Top