മനുഷ്യക്കടത്ത്: ഇന്ത്യന്‍ ദമ്പതികള്‍ക്ക് യുഎസില്‍ ഒരുവര്‍ഷം തടവ്‌

വാഷിങ്ടണ്‍: മനുഷ്യക്കടത്ത്, തൊഴിലാളി ചൂഷണം എന്നീ കുറ്റങ്ങള്‍ ചുമത്തി ഇന്ത്യന്‍ ദമ്പതികളെ യുഎസ് കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു.
നെബ്രസ്‌കയില്‍ താമസക്കാരായ വിഷ്ണു ഭായി ചൗധരി (50), ഭാര്യ ലീലബഹന്‍ ചൗധരി (44) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ദമ്പതികളുടെ പീഡനത്തിനിരയായ വ്യക്തിക്ക് 40,000 ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ദമ്പതികളെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്.
സാമ്പത്തിക നേട്ടത്തിനായി വിഷ്ണു ഭായി ചൗധരിയും ഭാര്യയും ഇന്ത്യക്കാരനായ വ്യക്തിയെ രേഖകളൊന്നും കൂടാതെ യുഎസില്‍ വീട്ടുജോലിക്കായി എത്തിക്കുകയായിരുന്നു. ഇയാള്‍ക്ക് ആഴ്ചയില്‍ അവധി അനുവദിച്ചിരുന്നില്ല.
വിശ്രമിക്കാനും അവസരം നല്‍കിയിരുന്നില്ല. കൂലിയായി നല്‍കാമെന്നു പറഞ്ഞ തുക നല്‍കിയില്ല. കൂലി ചോദിച്ചതോടെ ദമ്പതികള്‍ ജോലിക്കാരനെ വീട്ടില്‍ പൂട്ടിയിടാന്‍ തുടങ്ങി. പുറത്തിറങ്ങാനും അനുവദിച്ചില്ല. ശാരീരികമായി ഉപദ്രവിക്കാനും ആരംഭിച്ചു.
ദമ്പതികളുടെ പീഡനം സഹിക്കാന്‍ കഴിയാതെ ഇയാള്‍ അവിടെ നിന്ന് രക്ഷപ്പെട്ടു പോലിസിനെ സമീപിക്കുകയായിരുന്നു.

RELATED STORIES

Share it
Top