മനാഫ് വധക്കേസ്: നാലുപേര്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസിന് നിര്‍ദേശം

മഞ്ചേരി: ഏറെ കോളിളക്കം സൃഷ്ടിച്ച എടവണ്ണ ഒതായി പള്ളിപ്പറമ്പന്‍ മനാഫ് വധക്കേസില്‍ ഒളിവില്‍ കഴിയുന്ന നാലു പ്രതികള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ജില്ലാ പോലിസ് മേധാവിക്ക് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശം. മൂന്നു മാസത്തിനകം കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കേസ് പരിഗണിച്ച മജിസ്‌ട്രേറ്റ് ഇ വി റാഫേല്‍ നിര്‍ദേശിച്ചു. എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ശഫീഖ് (49), മാലങ്ങാടന്‍ ശരീഫ് (51), എളമരം ചെറുവായൂര്‍ പയ്യനാട്ട് തൊടിക എറക്കോടന്‍ കബീര്‍ (45), നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവരാണ് ഒളിവിലുള്ളത്.
പ്രതികളില്‍ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ശഫീഖ്, മാലങ്ങാടന്‍ ശരീഫ് എന്നിവര്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ സഹോദരീ പുത്രന്മാരാണ്. ഒളിവില്‍ കഴിയുന്ന മുനീബ് നിലമ്പൂരിലുണ്ടെന്ന് മലപ്പുറം ജില്ലാ പോലിസ് മേധാവി കോടതിയെ അറിയിച്ചിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ നിലമ്പൂരിലുണ്ടെന്നു വ്യക്തമായെന്നും എന്നാല്‍, പിടികൂടാനായിട്ടില്ലെന്നും അന്വേഷണ റിപോര്‍ട്ടില്‍ പോലിസ് പറയുന്നു. വിദേശത്തുള്ള ശഫീഖ്, ശരീഫ്, കബീര്‍ എന്നിവരെ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കേണ്ടത് ഇനി ജില്ലാ പോലിസ് മേധാവിയാണ്.
1995 ഏപ്രില്‍ 13നാണ് ഒതായിയില്‍ വച്ച് ഓട്ടോഡ്രൈവറായ മനാഫ് കൊല്ലപ്പെടുന്നത്. നിലവില്‍ നിലമ്പൂര്‍ എംഎല്‍എയായ പി വി അന്‍വര്‍ കേസില്‍ രണ്ടാം പ്രതിയായിരുന്നു. കേസിലെ ഒന്നാം സാക്ഷിയടക്കമുള്ളവര്‍ കൂറുമാറിയതിനെ തുടര്‍ന്ന് പി വി അന്‍വറടക്കം 21 പ്രതികളെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. സംഭവം നടന്ന് 23 വര്‍ഷമായിട്ടും ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതില്‍ പോലി സ് വീഴ്ച വരുത്തുന്നുവെന്നാരോപിച്ച് കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് ഇക്കഴിഞ്ഞ മെയ് 30ന് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. പ്രതികളെ വെറുതെ വിട്ട സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

RELATED STORIES

Share it
Top