മനസ്സ് കൊള്ളയടിക്കുന്ന കാലംഉള്ളില്‍ കടന്ന് കരള്‍ കൊള്ളയടിക്കും’ എന്ന് പണ്ടു കവി എഴുതിയിട്ടുണ്ട്. മനസ്സ് കവരുക എന്നത് ഭാഷാശൈലിയാണ്. എന്നാല്‍, ഇതെല്ലാം കാവ്യഭാവനകള്‍ക്കപ്പുറം യാഥാര്‍ഥ്യമായിത്തീര്‍ന്നുകൊണ്ടിരിക്കുന്നു.മസ്തിഷ്‌കമാണ് ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രം. അവിടെയാണ് മനസ്സിലെ എല്ലാ വിവരങ്ങളും സംഭരിച്ചുവച്ചിട്ടുള്ളത്. മസ്തിഷ്‌കത്തിന്റെ സന്ദേശങ്ങളനുസരിച്ചാണ് സിരാവ്യൂഹങ്ങളും മറ്റ് അവയവങ്ങളും പ്രവര്‍ത്തിക്കുന്നത്. സംഭരിച്ചുവച്ച ഈ വിവരങ്ങള്‍ അതത് ശരീരത്തിന്റെ ഉടമയായ വ്യക്തിക്കു മാത്രം അവകാശപ്പെട്ടതാണ്. അവ അയാളുടെ സ്വകാര്യതയാണ്.ബ്രെയിന്‍ ഇമേജിങ്, ന്യൂറോ എന്‍ജിനീയറിങ് തുടങ്ങിയ ശാസ്ത്രശാഖകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ പുരോഗതി മനസ്സിന്റെ സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും ഭീഷണി ഉയര്‍ത്തുന്ന തരത്തിലാണ് മുന്നേറുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഒടുവിലത്തെ അഭയമാണല്ലോ മനസ്സ്. അവിടെ നാം സൂക്ഷിച്ചുവച്ച അറിവുകള്‍, ഓര്‍മകള്‍, സ്വപ്‌നങ്ങള്‍, രഹസ്യങ്ങള്‍ തുടങ്ങിയ വ്യക്തിഗതമായ കാര്യങ്ങള്‍ ന്യൂറോ ടെക്‌നോളജിയുടെ വിവിധ ഉപാധികളിലൂടെ വായിക്കാനും പകര്‍ത്താനും സാധിക്കുമെന്നായിരിക്കുന്നു. ന്യൂറോ മാര്‍ക്കറ്റിങിന് മസ്തിഷ്‌ക ഛായാഗ്രഹണവിദ്യകള്‍ ഉപയോഗിക്കാനും കഴിയുമെന്ന അവസ്ഥയിലെത്തിയിട്ടുണ്ട് ശാസ്ത്രലോകം. ഈ ഉപകരണങ്ങളും വിദ്യകളും വിപണിയിലെത്തിയാല്‍ കച്ചവടക്കമ്പനികള്‍ ചൂഷണം ചെയ്യുമെന്നതില്‍ സംശയിക്കാനില്ല. ഇപ്പോള്‍ തന്നെ ആ വഴിക്കു ശ്രമങ്ങള്‍ നടക്കുന്നതായാണ് അറിവ്.    ഈ ചൂഷണ സാധ്യതകള്‍ക്കെതിരേ അവബോധ സ്വാതന്ത്ര്യം, മാനസിക സ്വകാര്യതയ്ക്കുള്ള സ്വാതന്ത്ര്യം തുടങ്ങിയ മൗലികാവശ്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞരും ഗവേഷകരും പറയുന്നത് ശ്രദ്ധേയമാണ്.

RELATED STORIES

Share it
Top