മനസ്സു നിറച്ച് പോപുലര്‍ ഫ്രണ്ട് ഡേ യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവുംഅമ്പലപ്പുഴ: പോപുലര്‍ ഫ്രണ്ട് ഡേയോടനുബന്ധിച്ച് ജില്ല കമ്മിറ്റി സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും നാനാജാതി ജനങ്ങളുടെ മനസ്സ് നിറയ്ക്കുന്നതായി. നക്ഷത്രാങ്കിത ശുഭ്ര രക്ത ഹരിത പതാക വഹിച്ച് അണിതെറ്റാത്ത കാല്‍വയ്പുകളുമായി യൂനിറ്റി മാര്‍ച്ച് രാജ്യത്തെ പുതുയുഗപ്പിറവിയെ വിളിച്ചറിയിക്കുന്നതായിരുന്നു. അധസ്ഥിത പിന്നാക്ക ന്യൂനപക്ഷത്തിനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഒപ്പം പോപുലര്‍ ഫ്രണ്ട് ഉണ്ടാവുമെന്ന് വിളിച്ചറിയിക്കുന്നതായിരുന്നു മാര്‍ച്ചും ബഹുജന റാലിയും.’പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണത്തിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായാണ് യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും സംഘടിപ്പിച്ചത്. ദേശീയ പാതയോരത്ത് നിലയുറപ്പിച്ച നൂറുകണക്കിനാളുകള്‍ നിറഞ്ഞമനസ്സോടെയാണ് യൂനിറ്റി മാര്‍ച്ചിനെയും ബഹുജന റാലിയെയും വരവേറ്റത്. കുറവന്തോട് ജങ്ഷനില്‍ നിന്നാരംഭിച്ച യൂനിറ്റി മാര്‍ച്ച് വളഞ്ഞവഴി ജങ്ഷനില്‍ സമാപിച്ചു. ബാന്റ് വാദ്യങ്ങള്‍ക്കൊപ്പം അണിതെറ്റാതെ ചുവടുവച്ച് ഡറ്റുകളും അഭിവാദ്യമര്‍പ്പിച്ച് ആയിരക്കണക്കിന് പ്രവര്‍ത്തകരും മാര്‍ച്ചില്‍ അണിനിരന്നു. ഏറ്റവും മുന്നില്‍ പോപുലര്‍ ഫ്രണ്ടിന്റെ പതാകയ്ക്കു പിന്നിലായി ജില്ല കമാന്‍ഡര്‍ സുനീര്‍ പുറക്കാട് നിലകൊണ്ടു. നസീര്‍ പള്ളിവെളി പതാകയേന്തി. തുടര്‍ന്ന് വളഞ്ഞവഴി ജങ്ഷനില്‍ നടന്ന പൊതുസമ്മേളനം ദേശീയ നിര്‍വാഹക സമിതിയംഗം ഇ എം അബ്ദുര്‍റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം എസ് നവാസ് നൈന അദ്ധ്യക്ഷത വഹിച്ചു. പോപുലര്‍ഫ്രണ്ട് ജില്ലാ സെക്രട്ടറി ബി എ ഇബ്രാഹീം മൗലവി സ്വാഗതം പറഞ്ഞു.  എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ എസ് ഷാന്‍, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, ചേര്‍ത്തല ഡിവിഷന്‍ പ്രസിഡന്റ് കെ എസ് സിറാജുദ്ദീന്‍, സെക്രട്ടറി എസ് ഷിറാസ്, അമ്പലപ്പുഴ ഡിവിഷന്‍ സെക്രട്ടറി സഫര്‍ അലി, ആലപ്പുഴ ഡിവിഷന്‍ പ്രസിഡന്റ് എ നസീര്‍, സെക്രട്ടറി എ അസീബ്, കായകുളം ഡിവിഷന്‍ പ്രസിഡന്റ് എ ഷിഹാബ്, സെക്രട്ടറി അന്‍വര്‍ മാന്നാര്‍, ജില്ല പിആര്‍ഒ സുധീര്‍ പുന്നപ്ര പങ്കെടുത്തു. അമ്പലപ്പുഴ ഡിവിഷന്‍ പ്രസിഡന്റ് ഇബ്രാഹീ വണ്ടാനം നന്ദി പറഞ്ഞു. സമ്മേളന നഗരിയില്‍ രാവിലെ ഒമ്പതിന് അമ്പലപ്പുഴ ഡിവിഷന്‍ പ്രസിഡന്റ് യു ഇബ്രാഹിം പതാക ഉയര്‍ത്തിയതോടെ പോപുലര്‍ ഫ്രണ്ട് ഡേ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇതേ സമയം ജില്ലയിലെ എല്ലാ യൂനിറ്റ് പരിധിയിലും പതാക ഉയര്‍ത്തി. മധുരവിതരണം നടത്തി പ്രവര്‍ത്തകരും കുടുംബങ്ങളും ആഘോഷത്തില്‍ ഭാഗവാക്കായി.

RELATED STORIES

Share it
Top