മധ്യ, ഉത്തര ഗുജറാത്തിലും കോണ്‍ഗ്രസ്സിന് മുന്‍തൂക്കം

സ്വന്തം പ്രതിനിധി

അഹ്മദാബാദ്: ഇന്ത്യന്‍ മതേതര, ജനാധിപത്യ സംവിധാനത്തിന്റെ ഭാവി ആശ്രയിക്കുന്ന തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലും കോണ്‍ഗ്രസ് ബിജെപിയെ മറികടക്കുമെന്നു വിലയിരുത്തല്‍. മോദിയുടെ ദയനീയ യാചനകള്‍ ബധിരകര്‍ണങ്ങളിലാണു പതിച്ചതെന്നു കാല്‍ നൂറ്റാണ്ടിലേറെയായി മാധ്യമപ്രവര്‍ത്തകനായ അമരേഷ് മിശ്ര വ്യക്തമാക്കി. മേഖലാ അടിസ്ഥാനത്തില്‍ വിശദമായി വിജയസാധ്യത  വിലയിരുത്തിയാണ് ഇദ്ദേഹം ഇതു വ്യക്തമാക്കുന്നു. മധ്യ, ഉത്തര ഗുജറാത്തിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മധ്യഗുജറാത്തിലെ 40ല്‍ 28, ഉത്തര ഗുജറാത്തില്‍ 31 എന്നിങ്ങനെ മൊത്തം 59 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് മിശ്രയുടെ വിലയിരുത്തല്‍. 2002ല്‍ വര്‍ഗീയകലാപത്തിനു വേദിയായ ഗോധ്ര കൂടി ഉള്‍പ്പെടുന്ന മധ്യഗുജറാത്തില്‍ 2012ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് 17 സീറ്റ് ലഭിച്ചിരുന്നു.ഇപ്പോഴും ബിജെപിയുടെ ശക്തി കേന്ദ്രമായ വഡോദരയും മധ്യഗുജറാത്തില്‍ ഉള്‍പ്പെടും. പാട്ടിദാര്‍ സ്വാധീനം ഇവിടെ കുറവാണ്. 2012ല്‍ പാട്ടിദാര്‍മാര്‍ ബിജെപിക്ക്് ഒപ്പമായിരുന്നപ്പോള്‍ പോലും കോണ്‍ഗ്രസ്സിന് നല്ല നേട്ടം കൈവരിക്കാനായി. നിലവില്‍ ഈ മേഖലയിലെ പിന്നാക്ക വിഭാഗ വോട്ടുകള്‍ സ്വാധീനിക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചിരിക്കുന്നു.വഡോദരയില്‍ കോണ്‍ഗ്രസ് പിന്നിലാവുമെങ്കിലും ആനന്ദി, കേഡ, മഹിസാഗര്‍, ദാഹോദ് എന്നിവിടങ്ങളില്‍ കോ ണ്‍ഗ്രസ്സാണ് മുന്നില്‍.പഞ്ച് മഹലിലും ഛോട്ടാ ഉദയ്പൂരിലും പോരാട്ടം സമാസമമാണ്. അഹ്മദാബാദ് ഉള്‍പ്പെടുന്ന ഉത്തര ഗുജറാത്തില്‍ നഗര, ഗ്രാമ വ്യത്യാസം നിലനില്‍ക്കുന്നു. ബന്‍സ്‌കാന്ത, പത്താന്‍, അരവല്ലി, ഗാന്ധി നഗര്‍ മേഖലകളില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടാനാണു സാധ്യത. സബര്‍കന്തിലും മെഹ്‌സാനയിലും മല്‍സരം കടുത്തതാണ്. ഭൂരിപക്ഷം കുറയുമെങ്കിലും അഹ്മദാബാദില്‍ ബിജെപിക്ക് മേധാവിത്വം ലഭിക്കും.  രണ്ടു ഘട്ടത്തിലും 59 സീറ്റുകള്‍ വീതം കോണ്‍ഗ്രസ്സിന് മൊത്തം 118 സീറ്റ് ലഭിക്കുമെന്ന്് മിശ്ര തറപ്പിച്ച് പറയുന്നു. പ്രചാരണത്തിന്റെ അവസാന നാളുകളില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ശൈലി മാറ്റിയത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബിജെപിക്കു വന്‍ വിജയം എന്നതു മാറി രാജീവ് സ്വാധീനം തെളിയിച്ചു, കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും എന്നാല്‍ ഭരണം ബിജെപിക്ക് തന്നെ എന്ന നിലയിലേക്കു തലക്കെട്ടുകള്‍ മാറി. മാധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസിന്റെ പ്രചാരണ യന്ത്രം  മനശ്ശാസ്ത്രപരമായി സ്വാധീനിക്കുന്നതാണ് ഇതെന്നു മിശ്ര പറയുന്നു. ദലിത്, മുസ്‌ലിം, പാട്ടിദാര്‍, കര്‍ഷക പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ, ക്ഷേത്ര സന്ദര്‍ശനങ്ങളിലൂടെ രാഹുല്‍ സൃഷ്ടിച്ച അനുകൂല സാഹചര്യം, നിശ്ശബ്ദമായ ബ്രാഹ്മണ വിഭാഗത്തിന്റെ കോണ്‍ഗ്രസ് ചായ്‌വ്  തുടങ്ങിയവയെക്കുറിച്ച് ഈ വാര്‍ത്തകള്‍ മൗനമാണ്.യുപിയില്‍ ഈയിടെ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഗ്രാമീണ മേഖലയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഗുജറാത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് മിശ്ര പറയുന്നു. കേന്ദ്രമന്ത്രിമാരെ പോലും വോട്ടര്‍മാര്‍ ഓടിക്കുകയാണ്. റുപാണിയെ വനിതാ വോട്ടര്‍മാര്‍ അലൂമിനിയം പാത്രങ്ങളില്‍ തകില്‍ കൊട്ടി ശബ്ദമുണ്ടാക്കി ഓടിക്കുന്ന വീഡിയോ പുറത്തുവന്നു. പാര്‍ട്ടിക്ക് എതിരേ സംസാരിച്ച സ്ത്രീകളടക്കമുള്ള സദസ്സിനു നേരെ വാളൂരി രോഷാകുലനാവുന്ന ബിജെപി ജില്ലാ നേതാവിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ കാണാം.

RELATED STORIES

Share it
Top