മധ്യവേനല്‍ അവധിയില്ല : അങ്കണവാടികളിലെ കുരുന്നുകള്‍ക്കു ദുരിതംഈരാറ്റുപേട്ട: വിദ്യാലയങ്ങളില്‍ മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ പാടില്ലെന്നു ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുമ്പോഴും അങ്കണവാടികളിലെ കുരുന്നുകള്‍ക്ക് ദുരിതം. മധ്യവേനലവധി നിഷേധിക്കപ്പെട്ടാണ് അങ്കണവാടികളെല്ലാം പ്രവര്‍ത്തിക്കുന്നത്. സ്‌കൂളുകള്‍ മുതലുള്ള കുട്ടികള്‍ മധ്യവേനല്‍ അവധിക്ക് കളിച്ചുനടക്കുമ്പോഴാണ് ചുട്ടുപൊള്ളുന്ന ചൂടിലും കുരുന്നുകള്‍ നരകയാതന അനുഭവിക്കുന്നത്. മിക്ക അങ്കണവാടികളിലും കുട്ടികളില്ലാത്ത സ്ഥിതിയാണ്. ചിലയിടങ്ങളില്‍ പേരിനു മാത്രമാണ് പ്രവര്‍ത്തനം. വെള്ളമില്ലാത്തതിനാല്‍ പലയിടങ്ങളിലും പാചകവും ശുചീകരണവും മുടങ്ങിക്കിടക്കുകയാണ്. നിലവിലെ അവസ്ഥയില്‍ കുട്ടികളെ ക്ലാസിലെത്താന്‍ നിര്‍ബന്ധിക്കാനാവാത്ത സ്ഥിതിയാണെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. ഈരാറ്റുപേട്ട മേഖലയില്‍ ആകെ 25 അങ്കണവാടികളാണുള്ളത്. ഇതില്‍ 14 എണ്ണവും വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി അങ്കണവാടികളില്‍ വൈദ്യുതിയെത്തിയെങ്കിലും കടുത്ത ചൂടിലും ഫാനുകളൊന്നും സ്ഥാപിച്ചിട്ടില്ല. മേഖലയിലെ മിക്ക അങ്കണവാടികളും വേനല്‍ക്കാലത്തും പ്രവര്‍ത്തനമുണ്ട്.സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ടറുടെ ഉത്തരവില്ലാതെ അവധി നല്‍കാന്‍ കഴിയില്ലെന്ന് ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ പറയുന്നു.കഴിഞ്ഞ വര്‍ഷം മെയ് മാസത്തോടെ അങ്കണവാടികള്‍ക്ക് അവധി നല്‍കിയിരുന്നു. അതേസമയം, കുട്ടികള്‍ക്കുള്ള ഭക്ഷ്യസാധനങ്ങള്‍ മുടക്കമില്ലാതെ ആഴ്ചതോറും അങ്കണവാടികളിലൂടെ വിതരണവും ചെയ്യുകയാണുണ്ടായത്.

RELATED STORIES

Share it
Top