മധ്യവേനലവധിക്കാലത്ത് പഠനവും ക്യാംപുകളും: ഇന്നു വാദംകേള്‍ക്കും

കൊച്ചി: മധ്യവേനലവധിക്കാലത്തു കുട്ടികള്‍ക്കായി പഠനവും ക്യാംപുകളും നടത്തുന്നതു നിരോധിച്ചുള്ള സര്‍ക്കാര്‍, സിബിഎസ്ഇ ഉത്തരവുകള്‍ ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹരജികളില്‍ ഹൈക്കോടതി ഇന്നും വാദംകേള്‍ക്കും. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളാണ് അവധിക്കാലത്തു പഠിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അവധിക്കാലത്തെ പഠനം നിരോധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ബാധകമല്ലെന്നാണു ഹരജികളിലെ വാദം. ഇതു സംബന്ധിച്ച സിബിഎസ്ഇ റീജ്യനല്‍ ഡയറക്ടറുടെ ഉത്തരവും ബാധകമാവില്ല. കേരള ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണു സര്‍ക്കാരിന്റെയും സിബിഎസ്ഇയുടെയും ഉത്തരവുകളുണ്ടായിട്ടുള്ളത്. എന്നാല്‍, ഇതിന്റെ പേരില്‍ അവധിക്കാലത്ത് ഒരു ക്ലാസിലും പഠനം നടത്താനാവാത്ത വിധം സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താനാവില്ല.
മെയില്‍ ഒമ്പതു മുതല്‍ 12 വരെ ക്ലാസുകള്‍ നടത്തലും പുനപ്പരീക്ഷകള്‍ക്കനുസരിച്ച് ഏപ്രിലില്‍ റിവിഷന്‍ ക്ലാസുകള്‍ നടത്തലും അനിവാര്യമാണ്. ഉത്തരവുകള്‍ പ്രകാരം അവധിക്കാല ക്ലാസുകള്‍ നിരോധിച്ചതു കുട്ടികള്‍ക്കുള്‍പ്പെടെ ഏറെ ബുദ്ധിമുട്ടുണ്ടാക്കും.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കുട്ടികള്‍ എന്ന ഗണത്തില്‍ വരാത്തതിനാല്‍ ഒമ്പതു മുതല്‍ മുകളിലേക്കുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ശിശു അവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവ് ബാധകമാവില്ലെന്നു ഹരജിയില്‍ പറയുന്നു.
സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയ്ക്കു വേണ്ടി കുട്ടികളെ ഒരുക്കുന്ന വിധം പാഠഭാഗങ്ങള്‍ പൂര്‍ണമായി പഠിപ്പിച്ച് തീര്‍ക്കാനും റിവിഷന് സമയം കണ്ടെത്താനും മെയ് മാസത്തില്‍ ഒമ്പതു മുതല്‍ 12 വരെ ക്ലാസുകള്‍ നടത്തേണ്ടതു വളരെ അത്യാവശ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനും സിബിഎസ്ഇക്കും ഉള്‍പ്പെടെ നിവേദനം നല്‍കിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണു കോടതിയെ സമീപിച്ചതെന്ന് ഹരജിയില്‍ പറയുന്നു.

RELATED STORIES

Share it
Top