മധ്യവയസ്‌കന്റെ മരണത്തില്‍ ദുരൂഹത; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു

എടക്കര: മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. കാളികാവിലെ മൂച്ചിക്കല്‍ മൈലാടി മരുതത്ത് മുഹമ്മദിന്റെ മൃതദേഹമാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തത്. സപ്തംബര്‍ 21നാണ് കാളികാവിലെ വീട്ടില്‍ മുഹമ്മദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരുത ചക്കപ്പാടം റഹ്മാനിയ സുന്നി മജസ്ജിദ് കബര്‍സ്ഥാനില്‍ മൃതദേഹം അന്നുതന്നെ കബറടക്കിയിരുന്നു.
എന്നാല്‍, മുഹമ്മദിന്റെ മൂന്നാമത്തെ ഭാര്യ ഉമ്മുല്‍ സാഹിറയെയും രണ്ട് ആണ്‍മക്കളെയും 26ന് പുലര്‍ച്ചെ മുതല്‍ കാണാതായിരുന്നു. മുഹമ്മദിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് രണ്ടാം ഭാര്യയിലെ മകന്‍ മുഹമ്മദ് ജംഷീദ് കാളികാവ് പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജംഷീദും ഇവരോടൊപ്പമാണ് താമസിച്ചിരുന്നത്. സാഹിറ കുടുംബ സുഹൃത്തിന്റെ കൂടെ നാടുവിട്ടെന്നാണ് പരാതിയില്‍ പറയുന്നത്. മുഹമ്മദ് മരിച്ച രാത്രിയില്‍ കുടുംബ സുഹൃത്ത് ഇവരുടെ വീട്ടില്‍ ഉണ്ടായിരുന്നു. സാഹിറയെ കാണാനില്ലെന്ന് ഇവരുടെ സഹോദരനും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് വിദഗ്ധ പരിശോധന നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. നിലമ്പൂര്‍ തഹസില്‍ദാര്‍ മുരളീധരന്‍, മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ലെവിസ് വാസിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മരുത മസ്ജിദില്‍ രാവിലെ പത്തോടെ എത്തിയിരുന്നു. പുറത്തെടുത്ത മൃതദേഹം കാര്യമായി ജീര്‍ണിക്കാത്തതിനെ തുടര്‍ന്ന് പോസ്റ്റമാര്‍ട്ടം മെഡിക്കല്‍ കോളജില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
വണ്ടൂര്‍ സിഐ ബാബുരാജന്‍, എടക്കര സിഐ സുനില്‍ പുളിക്കന്‍, വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ഇ എ സുകു, എസ്‌ഐ ബിനു, എടക്കര എസ്‌ഐ സജിത്, കാളികാവ് എസ്‌ഐ കുര്യാേക്കാസ്, പഞ്ചായത്ത് അംഗം ബിന്ദു സ്ഥലത്തെത്തിയിരുന്നു.

RELATED STORIES

Share it
Top