മധ്യവയസ്‌കന്റെ മരണംഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന്് സംശയം

കാളികാവ്: കഴിഞ്ഞ മാസം 21ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടതാണെന്ന് സംശയം. ഭാര്യയും കാമുകനും വിഷം നല്‍കിയതാണെന്നാണ് നിഗമനം. അഞ്ചച്ചവിടി മൈലാടിയിലെ മരുദത്ത് മുഹമ്മദലി (49)യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മരിച്ചതിന്റെ അഞ്ചാം ദിവസം മുഹമ്മദലിയുടെ ഭാര്യ രണ്ടു കുട്ടികളെയുംകൂട്ടി കാമുകനോടൊപ്പം ഒളിച്ചോടിയതാണ് സംശയത്തിനിടയാക്കിയത്.
സംഭവം നടന്നതിന്റെ പിറ്റെ ദിവസം സ്വാഭാവിക മരണം എന്ന നിലയില്‍ മൃതദേഹം മറവുചെയ്യുകയായിരുന്നു. മുഹമ്മദലിയുടെ നാടായ മരുതക്കടവിലാണ് മൃതദേഹം മറവുചെയ്തത്. പിന്നീട് സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും കാളികാവ് പോലിസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് കഴിഞ്ഞ മാസം 29ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുകയും ചെയ്തു. ഇതിന്റെ ശാസ്ത്രീയ റിപോര്‍ട്ട് ഇതുവരെ പോലിസിന് ലഭിച്ചിട്ടില്ല. മരിച്ച മുഹമ്മദലിയും ഭാര്യയുടെ കാമുകനും അടുത്ത സുഹൃത്തുക്കളായിരുന്നു. സംഭവത്തിന്റെ അന്ന് ഇരുവരും രാത്രി ഒരുമണി വരെ വീടിന്റെ ടെറസ്സില്‍ മദ്യപിച്ചിരുന്നു. തുടര്‍ന്നു അവശനായ മുഹമ്മദലിയെ താഴെ റൂമിലേക്ക് താങ്ങിയെടുത്ത് കൊണ്ടുവന്നു കിടത്തിയത് ഭാര്യയും കാമുകനും കൂടിയാണെന്ന് കുട്ടികള്‍ പറഞ്ഞു.
രാത്രി രണ്ടുവരെ വീട്ടിലുണ്ടായിരുന്ന കാമുകന്‍ പിന്നീട് പുറത്തുപോയി. പുലര്‍ച്ചെ നാലിന്് മുഹമ്മദലി അനങ്ങുന്നില്ല എന്നു പറഞ്ഞു ഭാര്യയാണ് സഹോദരനെ ഫോണില്‍ വിളിച്ചു പറഞ്ഞത്. രണ്ടു മാസത്തെ പരിചയമാണ് കാമുകനുമായി മുഹമ്മദലിയുടെ ഭാര്യക്കുള്ളത്. ഇയാളുടെ പേരോ നാടോ ഒന്നും ആര്‍ക്കും അറിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാതാവിന് കൂട്ടിരിക്കാന്‍ പോയ യുവതിയുമായി പരിചയപ്പെട്ടാണ് ഇയാള്‍ നാട്ടിലെത്തിയത്. മറ്റൊരാളുടെ ഭാര്യയും രണ്ടു കുട്ടികളുമുള്ള ഈ യുവതിയെ ഇയാള്‍ കോടതി മുഖാന്തരം വിവാഹം കഴിക്കുകയും ചെയ്തു.
പിന്നീട് ഇവര്‍ ഇവിടെ തന്നെ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. ഇയാള്‍ തെക്കന്‍ ജില്ലക്കാരനാണെന്ന് മാത്രമെ നാട്ടുകാര്‍ക്കറിയുകയുള്ളു. അതിനിടെ മരിച്ച മുഹമ്മദലിയും ഇയാളും ചേര്‍ന്ന് ഒരു പുതിയ പുതിയ ഗുഡ്‌സ് വാന്‍ വാങ്ങിയിരുന്നു.
ഇത് പച്ചക്കറിയും പഴങ്ങളും വില്‍പ്പന നടത്തുന്നതിനാണ് വാങ്ങിയത്. ഇതിന് ഈടായി മുഹമ്മദലിയുടെ വീടിന്റെ പ്രമാണമാണ് നല്‍കിയത്. പതിനാറും പതിമൂന്നും വയസ്സുള്ള രണ്ടു ആണ്‍കുട്ടികളെയും കൊണ്ടാണ് ഭാര്യ കാമുകന്റെ കൂടെ പോയത്. അവര്‍ ഇപ്പോള്‍ എവിടെയാണെന്ന് ഒരു വിവരവുമില്ല. സഹോദരിയേയും കുട്ടികളെയും കാണാനില്ലെന്ന് പറഞ്ഞ് സഹോദരങ്ങളും പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ യാതൊരു വിവരവും ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ല. കുട്ടികളുടെ ജീവനു ഭീഷണി നേരിടുമോ എന്ന ഭയത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
ഒരാഴ്ച മുമ്പ് കാമുകനും കാമുകിയും ചേര്‍ന്നുള്ള ഒരു സെല്‍ഫി നാട്ടിലുള്ള ഒരാളുടെ മൊബൈലിലേക്ക് വന്നിരുന്നു. മുഹമ്മദലി മരിക്കുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രം ഖബറടക്കം കഴിഞ്ഞ ഉടനെ ഭാര്യ തീയിട്ട് ചുട്ടുകളയുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം ബന്ധുക്കള്‍ പോലിസിനോടും പറഞ്ഞിട്ടുണ്ട്. മുഹമ്മദലി ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് ബന്ധുക്കളും കരുതുന്നില്ല. സത്യാവസ്ഥ പുറത്തുവരുമെന്ന വിശ്വാസത്തിലാണ് നാട്ടുകാരും ബന്ധുക്കളും.

RELATED STORIES

Share it
Top