മധ്യവയസ്‌കന്റെ കൊലപാതകം: ദമ്പതികള്‍ അറസ്റ്റില്‍

അടിമാലി: മധ്യവയസ്‌കന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ദമ്പതികള്‍ അറസ്റ്റില്‍. മുനിയറ ഇല്ലിസിറ്റി മന്നാട്ട് നാരായണ (കുഞ്ഞുമോന്‍ 58)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ദമ്പതികളെ പിടികൂടിയത്. തമിഴ്‌നാട്ടിലേക്കു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രാജാക്കാട് വച്ച് നാരായണന്റെ സഹായി സുരേന്ദ്രനും ഭാര്യ അളകനന്ദയുമാണു പിടിയിലായത്. കൊലയ്ക്ക് ശേഷം കാട്ടിലൊളിച്ച ഇരുവരും രണ്ടു ദിവസം കാട്ടില്‍ തന്നെ ചെലവഴിച്ച് പൊന്മുടി അണക്കെട്ടിലൂടെ മറുകരയിലെത്തി രാജാക്കാട് വഴി തമിഴ്‌നാട്ടിലേക്കു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്.
ശനിയാഴ്ച രാവിലെ പതിവായി ചായ കുടിക്കാന്‍ എത്തുന്ന കടയില്‍ നാരായണന്‍ എത്താത്തതിനെ തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണു നാരായണനെ വീടിനുളളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വെട്ടിക്കൊലപ്പെടുത്തിയ നിലയിലായിരുന്നു. കൂടാതെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. മര്‍ദിക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ മൃതദേഹത്തിനടുത്തു നിന്നു പോലിസ് കണ്ടെത്തി. അളകനന്ദയുമായി നാരായണന്‍ അടുപ്പത്തിലായിരുന്നെന്നും പറയപ്പെടുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നാരായണന്‍ ഒറ്റയ്ക്കാണ് താമസം. കൃഷിയിടത്തിലെ തൊഴിലാളിയാണു സുരേന്ദ്രന്‍.
കൊല്ലപ്പെട്ട നാരായണനും മറ്റു ചിലരും വെളളിയാഴ്ച രാത്രി നാരായണന്റെ വീട്ടിലിരുന്നു മദ്യപിച്ചിരുന്നതായി പോലിസിന് വിവരം ലഭിച്ചു. മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.RELATED STORIES

Share it
Top