മധ്യവയസ്‌കന്റെ കൊലപാതകം: 3 പേര്‍ അറസ്റ്റില്‍

അടിമാലി: 14ാം മൈലില്‍ കൊല്ലപ്പെട്ട നിലയില്‍ മധ്യവയസ്‌കനെ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസിയും മകനും മകന്റെ ഭാര്യാ സഹോദരനും അടക്കം മൂന്നുപേര്‍ അറസ്റ്റിലായി.
അടിമാലി ഇരുമ്പുപാലത്തിനു സമീപം 14ാം മൈല്‍ തുമ്പിപ്പാറയ്ക്കു സമീപം താമസിച്ചിരുന്ന കൊച്ചുവീട്ടില്‍ കുഞ്ഞന്‍പിള്ള (57)യെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കൊല്ലപ്പെട്ട കുഞ്ഞന്‍പിള്ളയുടെ അയല്‍വാസിയായ പെരുണൂച്ചാല്‍ പൊട്ടയ്ക്കല്‍ വിനോദ് (47), ഇയാളുടെ മകന്‍ വിഷ്ണു (27), വിഷ്ണുവിന്റെ ഭാര്യാ സഹോദരന്‍ പെരുണൂച്ചാല്‍ മഠത്തില്‍ വിഷ്ണു (23) എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞന്‍പിള്ളയുടെ ഇളയമകന്‍ മനു നാലു മാസം മുമ്പ് ഒരു കേസില്‍ പ്രതിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാദിഭാഗവുമായി കുഞ്ഞന്‍പിള്ളയുണ്ടാക്കിയ കരാര്‍ സംബന്ധിച്ച തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. കേസുമായി ബന്ധപ്പെട്ട് മൂന്നു ലക്ഷത്തോളം രൂപയോ, അല്ലെങ്കില്‍ വസ്തുവോ ഇപ്പോള്‍ പിടിയിലായ പ്രതികള്‍ക്കു നല്‍കാമെന്നതു സംബന്ധിച്ച ധാരണ കുഞ്ഞന്‍പിള്ള തെറ്റിച്ചതും കൊലപാതകത്തിനു കാരണമായി. ഭാര്യയുമായി പിണങ്ങി ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു കൊല്ലപ്പെട്ട കുഞ്ഞന്‍പിള്ള. മൂത്ത മകനോടും കുടുംബത്തോടുമൊപ്പം സമീപത്തെ മറ്റൊരു വീട്ടിലാണു കുഞ്ഞന്‍പിള്ളയുടെ ഭാര്യ താമസിച്ചിരുന്നത്. അന്വേഷണം ആദ്യഘട്ടത്തില്‍ കുടുംബാംഗങ്ങളിലേക്കു നീങ്ങിയിരുന്നു. പിന്നീട് പഴയ കേസുമായി ബന്ധപ്പെട്ടവരിലേക്ക് അന്വേഷണം നീണ്ടു. ഇവരുടെ പരസ്പരവിരുദ്ധമായ മറുപടികളാണ് പ്രതികളെ വലയിലാക്കിയത്. കേസില്‍ 2000ത്തോളം ആളുകളില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുകയും 500ഓളം പേരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കൃത്യം നടന്ന മെയ് 12ന് രാവിലെ കുഞ്ഞന്‍പിള്ള വീട്ടില്‍ നിന്ന് അടിമാലിയില്‍ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് പോവുന്ന വഴി വായ്ക്കലാംകണ്ടം എന്ന സ്ഥലത്ത് ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോള്‍ പ്രതിയായ വിഷ്ണു വെട്ടുകത്തി ഉപയോഗിച്ച് കുഞ്ഞന്‍പിള്ളയുടെ കഴുത്തില്‍ വെട്ടി. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ, സമീപത്ത് പതിയിരുന്ന രണ്ടാം പ്രതി ചിക്കു എന്ന വിഷ്ണു അരിവാള്‍ ഉപയോഗിച്ച് തുടരെ വെട്ടി. ഇതിനിടെ മൂന്നാംപ്രതി വിനോദും കഠാര ഉപയോഗിച്ച് കുത്തുകയും ചെയ്തു. ഓടുന്നതിനിടെ വെട്ടും കുത്തുമേറ്റ് കുഞ്ഞന്‍പിള്ള കുഴഞ്ഞുവീണു. പിറ്റേന്ന് രാവിലെയാണ് മൃതദേഹം കൊക്കോ പറിക്കുന്നതിെനത്തിയ ഭൂവുടമ കണ്ടെത്തിയത്.  ശരീരത്തില്‍ 20 മാരകമേറിയ മുറിവുകളും ഓടിയപ്പോള്‍ വീണു പരിക്കേറ്റതടക്കം ഏഴു മുറിവുകളുമാണു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്താനായത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പ്രതികളുടെയും സമീപവാസിയുടെയും വീട്ടില്‍ നിന്നു കണ്ടെത്തി.
മൂവരെയും തിങ്കളാഴ്ച അടിമാലി കോടതിയില്‍ ഹാജരാക്കും. മൂന്നാര്‍ ഡിവൈഎസ്പി ഡി ബി സുനീഷ് ബാബു, സിഐ പി കെ സാബു, അടിമാലി എസ് ഐ അബ്ദുല്‍ സത്താര്‍ എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top