മധ്യപ്രദേശില്‍ 80ഓളം എംഎല്‍എമാര്‍ക്ക് ബിജെപി ടിക്കറ്റ് നിഷേധിച്ചേക്കും

ഭോപാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില മന്ത്രിമാരടക്കം 80ഓളം എംഎല്‍എമാര്‍ക്ക് ടിക്കറ്റ് നിഷേധിക്കാന്‍ ബിജെപി ആലോചിക്കുന്നു. ഇവര്‍ക്ക് പകരം പുതുമുഖങ്ങളെ അണിനിരത്തി, ഭരണവിരുദ്ധ വികാരം മറികടക്കാനാവുമെന്ന് പാര്‍ട്ടി കരുതുന്നു. ചില എംഎല്‍എമാര്‍ക്കെതിരേ ജനരോഷമുണ്ടെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ബിജെപി നേതൃത്വം ഇക്കാര്യം ആലോചിക്കുന്നതെന്ന് ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു.
സംസ്ഥാനത്തെ ജന്‍ ആശിര്‍വാദ് യാത്രയ്ക്കിടയില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പ്രവര്‍ത്തിക്കാത്ത എംഎല്‍എമാരെക്കുറിച്ച് പരാതികള്‍ ലഭിച്ചിരുന്നു. 15 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന അഭിപ്രായ വോട്ടെടുപ്പും ബിജെപി കണക്കിലെടുക്കുന്നുണ്ട്.
ചില എംഎല്‍എമാര്‍ക്കെതിരേ ജനങ്ങള്‍ക്കിടയില്‍ രോഷമുണ്ടെങ്കിലും മുഖ്യമന്ത്രി ചൗഹാന്‍ ജനങ്ങള്‍ക്ക് ഇപ്പോഴും പ്രിയങ്കരനാണെന്ന് ഒരു ഭാരതീയ യുവജനതാ യുവമോര്‍ച്ച നേതാവ് പറഞ്ഞു.
2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 25 ശതമാനത്തോളം ടിക്കറ്റ് നല്‍കിയിരുന്നത് പുതുമുഖങ്ങള്‍ക്കായിരുന്നു. ഇതില്‍ 75 ശതമാനവും ജയിച്ചിരുന്നു. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 230 സീറ്റുകളില്‍ 165 എണ്ണത്തില്‍ ബിജെപി ജയിച്ചിരുന്നു. കോണ്‍ഗ്രസ്സിന് 58 സീറ്റാണ് കിട്ടിയത്.

RELATED STORIES

Share it
Top