മധ്യപ്രദേശില്‍ മൂന്ന് കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തുഭോപാല്‍: മധ്യപ്രദേശില്‍ മൂന്നു കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തു. ഇതോടെ ഈ മാസം ആറിന് മന്‍സോറില്‍ കര്‍ഷക പ്രക്ഷോഭം ആരംഭിച്ചശേഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 14 ആയി.സെഹോരെ ജില്ലയിലെ ഖുര്‍ദ് ഗ്രാമത്തിലെ കര്‍ഷകനായ ബന്‍സിലാല്‍ മീണയെ (54) ഇന്നലെ കൃഷിയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സ്വദേശമായ സെഹോരെയിലെ അഞ്ചാമത്തെ കര്‍ഷക ആത്മഹത്യയാണിത്. നീമുച് ജില്ലയില്‍ പ്യാരെ ലാല്‍ (60) കൃഷിയിടത്തില്‍ തൂങ്ങിമരിച്ചു. വിദിഷ ജില്ലയിലെ ബോമാര്‍ ഗ്രാമത്തിലെ  ജിസ്വാന്‍ സിങ് മീണ(35)യെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹര്‍ദ ജില്ലയില്‍ കര്‍ഷകനായ മുരളീധറിനെ (25) ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാനാവില്ലെന്ന വാദം സംസ്ഥാന കൃഷിമന്ത്രി ഗൗരീശങ്കര്‍ ബിസെന്‍ ആവര്‍ത്തിച്ചു. ഈ വിഷയത്തില്‍ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുന്ന നിലപാട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആവര്‍ത്തിച്ചു.

RELATED STORIES

Share it
Top