മധു സ്മാരക റോഡിന് രണ്ടുകോടി അനുവദിക്കണം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ വീട്ടിലേക്കുള്ള നാലര കിലോമീറ്റര്‍ റോഡ് നന്നാക്കാന്‍ രണ്ടു കോടി രൂപ അനുവദിക്കണമെന്നും അതിന് മധു സ്മാരക റോഡ് എന്ന് പേരിടണമെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
മുക്കാലിയില്‍ നിന്ന് ചിണ്ടനിലെ മധുവിന്റെ വീട്ടിലേക്ക് ജീപ്പില്‍ എത്താന്‍ തനിക്ക് ഒരു മണിക്കൂറോളമെടുത്തു. ഈ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലവാസികള്‍ നിവേദനം നല്‍കിയെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. വനത്തില്‍ അലഞ്ഞുനടക്കുന്ന മധുവിന്റെ ബന്ധു രാജേന്ദ്രനെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടി എടുക്കണം. ബിഫാം പാസായ രാജേന്ദ്രന്‍ ജോലിയില്‍ ഇരിക്കാതെ തിരിച്ചുപോന്നു. രാജേന്ദ്രനെ ആരെങ്കിലും കൊല്ലുമോയെന്ന മധുവിന്റെ അമ്മ മല്ലിയുടെ ആശങ്കയ്ക്ക് ഉടനേ പരിഹാരം കണ്ടെത്തണം. മധുവിന്റെ കുടുംബത്തിന് പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായം 25 ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
ആദിവാസി ഊരുകളില്‍ വൈദ്യുതി എത്തിക്കുന്നതിന് നടപടി ഉണ്ടാവണം.
അതുവരെ ആദിവാസി കുടുംബങ്ങള്‍ക്കു വിളക്കിന് ആവശ്യമായ മണ്ണെണ്ണ നല്‍കുകയും ചെയ്യണം. അരലിറ്റര്‍ മണ്ണെണ്ണ 5 ലിറ്റര്‍ ആയി വര്‍ധിപ്പിക്കണം. കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റ് കാലത്ത് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും അനുമതി ലഭിച്ച 40 കോടി രൂപയുടെ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ ത്വരിതപ്പെടുത്തണം.
സാമൂഹികക്ഷേമ പെന്‍ഷനുകളില്‍ നിന്നും ആദിവാസികളെ ഒഴിവാക്കിയിരിക്കുകയാണ്. സാമൂഹിക പെന്‍ഷന്‍ പദ്ധതികള്‍ ആദിവാസികള്‍ക്കു ലഭ്യമാക്കണം.
തൊഴിലുറപ്പ് പദ്ധതി കുറേക്കൂടി കാര്യക്ഷമതയോടെ നടപ്പാക്കണം. അട്ടപ്പാടിയില്‍ മാത്രമായി തൊഴിലുറപ്പു പദ്ധതി യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് വിപുലീകരിച്ചിരുന്നു. ഇതു തുടരണം. ആദിവാസികളുടെ ജീവിതരീതിയില്‍ ഏറ്റവും നല്ല നിലയില്‍ മാറ്റം ഉണ്ടാക്കുവാന്‍ ഇതുമൂലം സാധിക്കുന്നതാണെന്നും ഉമ്മന്‍ചാണ്ടി കത്തില്‍ പറഞ്ഞു.

RELATED STORIES

Share it
Top