മധു കൊല്ലപ്പെട്ടത് പോലിസ് ജീപ്പില്‍

പി എച്ച്  അഫ്‌സല്‍

തൃശൂര്‍: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ പോലിസിലേക്ക് വിരല്‍ചൂണ്ടുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പോസ്റ്റ്‌മോര്‍ട്ടം കണ്ടെത്തലുകളും പോലിസ് തന്നെ തയ്യാറാക്കിയ എഫ്‌ഐആറുമാണ് പോലിസിനെ സംശയത്തിന്റെ നിഴലിലാക്കുന്നത്. ഇക്കഴിഞ്ഞ 22ന് ഉച്ചതിരിഞ്ഞാണ് മധു കൊല്ലപ്പെട്ടത്. അന്ന് ഉച്ചയ്ക്ക് 2.15ന് മറ്റൊരു കേസിന്റെ ഭാഗമായി ഗൂളിക്കടവ് ഭാഗത്ത് എത്തിയപ്പോഴാണ് മോഷണക്കേസ് പ്രതിയെ നാട്ടുകാര്‍ മുക്കാലിയില്‍ പിടിച്ചുകെട്ടിയതായ വിവരം തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് അഗളി പോലിസ് എഎസ്‌ഐ പ്രസാദ് വര്‍ക്കി തയ്യാറാക്കിയ എഫ്‌ഐആറില്‍ പറയുന്നു.
മൂന്നുമണിയോടെ മുക്കാലിയിലെത്തിയ പ്രസാദ് വര്‍ക്കി, സിപിഒമാരായ മോഹന്‍ദാസ്, സുജിലാല്‍ എന്നിവര്‍ ചേര്‍ന്ന് 3.30ന് മധുവിനെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുവരുകയായിരുന്നു. വഴിയില്‍ താവളത്ത് വച്ച് മധു ഛര്‍ദ്ദിക്കണമെന്നു പറഞ്ഞു. ഛര്‍ദ്ദിച്ചതിനു ശേഷം ജീപ്പില്‍ കയറിയ ഉടനെ തളര്‍ന്നുവീഴുകയായിരുന്നു. തുടര്‍ന്ന് അഗളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. അവിടെ നിന്നാണ് മരണം സ്ഥിരീകരിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു. മധു പോലിസ് ജീപ്പില്‍ വച്ചു തന്നെ കൊല്ലപ്പെട്ടെന്ന് തെളിയിക്കുന്നതാണ് ഈ റിപോര്‍ട്ട്. മാത്രമല്ല, മുക്കാലിയില്‍ നിന്ന് പോലിസ് ജീപ്പിലേക്ക് കയറുമ്പോള്‍ മധു അവശനായിരുന്നില്ലെന്ന് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് സംബന്ധിച്ച് വ്യാജ വിവരങ്ങള്‍ പുറത്തുവന്നതും പോലിസിനെതിരേ സംശയം ഉയര്‍ത്തുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മധുവിന്റെ മരണത്തിനു കാരണമായതെന്നാണ് പുറത്തുവന്ന വിവരങ്ങള്‍. തലയോട്ടി പൊട്ടിയതായും വാര്‍ത്തയുണ്ട്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയിട്ടില്ല. സുപ്രധാന കേസായതിനാല്‍ നാലരമണിക്കൂറെടുത്താണ് മധുവിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. ബല്‍റാമിന്റെ നേതൃത്വത്തില്‍ അഞ്ച് ഡോക്ടര്‍മാര്‍ വളരെ സൂക്ഷ്മമായാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തലച്ചോറില്‍ രക്തസ്രാവമുണ്ടായിട്ടില്ലെന്നും തലയുടെ പിറകിലേറ്റ ക്ഷതവും ശരീരത്തിലേറ്റ നിരന്തരമായ മര്‍ദനവുമാണ് മരണ കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. രണ്ടിലധികംപേര്‍ ചേര്‍ന്ന് തുടര്‍ച്ചയായി മര്‍ദിച്ചതുപോലുള്ള ക്ഷതങ്ങളാണു ശരീരത്തിലുള്ളത്.
ശരീരമാസകലം ക്ഷതങ്ങളേറ്റിരുന്നു. നെഞ്ചിലെയും പുറത്തെയും തുടയിലെയും മസിലുകള്‍ക്ക് ക്ഷതമേറ്റ് രക്തസ്രാവമുണ്ടായിട്ടുണ്ട്. കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ അതിശക്തമായി മര്‍ദിച്ചതിന്റെ പാടുകളാണ് ശരീരത്തിലുണ്ടായിരുന്നത്. മരണം വരെ തുടര്‍ച്ചയായി മര്‍ദനമേറ്റതായും വിവരമുണ്ട്. ശ്വാസകോശത്തില്‍ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങ ള്‍ കണ്ടെത്തിയിട്ടുണ്ട്. മര്‍ദനമേറ്റതിനെ തുടര്‍ന്ന് ഛര്‍ദ്ദിച്ചാല്‍ ഇങ്ങനെ സംഭവിക്കാനിടയുണ്ട്. പഴത്തിന്റെ കഷണവും വളരെ കുറച്ച് ഭക്ഷണാവശിഷ്ടവുമാണ് മധുവിന്റെ വയറ്റില്‍ ഉണ്ടായിരുന്നത്.
ലാത്തിയോ ഇരുമ്പുകമ്പിയോ പോലെ ബലമുള്ള വസ്തുകൊണ്ടുള്ള മര്‍ദനമാണ് തലയുടെ പിറകില്‍ ക്ഷതമേല്‍ക്കാന്‍ ഇടയാക്കിയിട്ടുള്ളത്. ബലമുള്ള വസ്തുവില്‍ ചാരിനിര്‍ത്തി മുന്നില്‍നിന്ന് ശക്തമായി മര്‍ദിച്ചാലും ഇത്തരത്തില്‍ ക്ഷതമേല്‍ക്കാന്‍ ഇടയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. പോലിസ് ജീപ്പില്‍ വച്ച് മര്‍ദനമേറ്റതായുള്ള ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ ഈ നിഗമനങ്ങള്‍. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവരുന്നതിനു മുമ്പുതന്നെ പോലിസിനെ കുറ്റവിമുക്തമാക്കുന്ന തരത്തി ല്‍ മന്ത്രി എ കെ ബാലന്‍ പ്രസ്താവന നടത്തിയതും സംശയങ്ങള്‍ക്ക് ഇടയാക്കുന്നതായിരുന്നു.
മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങുന്നതിനു മുമ്പായിരുന്നു പോലിസിനെ സംരക്ഷിക്കുന്നതരത്തിലുള്ള മന്ത്രിയുടെ പ്രസ്താവന. മധുവിനെ കാട്ടില്‍ നിന്നു പിടികൂടിയ ആള്‍ക്കൂട്ടം മര്‍ദിച്ചതായി തെളിഞ്ഞിട്ടുണ്ടെങ്കിലും അതു മാത്രമാണു മരണത്തിനു കാരണമായതെന്ന് ഉറപ്പിക്കാനാവില്ല. പോലിസിനെതിരേ ആരോപണം ഉയര്‍ന്നതിനാല്‍ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആദിവാസികളുടെ ആവശ്യം ശരിവയ്ക്കുന്നതാണ് സാഹചര്യത്തെളിവുകള്‍.

RELATED STORIES

Share it
Top