മധുവിന്റെ മരണം സിബിഐ അന്വേഷിക്കണം: അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ

പത്തനംതിട്ട: അട്ടപ്പാടിയില്‍ മധുവിനെ മോഷ്ടാവെന്നാരോപിച്ച് തല്ലിക്കൊന്ന കേസ് സിബിഐ അന്വേഷിക്കണമെന്ന് അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി മോഹനന്‍ അമ്പാട്ട് ആവശ്യപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ മരണകാരണമായി പറയുന്ന മുറിവുകളും വാരിയെല്ലിലുണ്ടായ പൊട്ടലും എവിടെവച്ച് എപ്പോള്‍ സംഭവിച്ചു എന്നതിനെ സംബന്ധിച്ച് ദുരൂഹത ഉണര്‍ത്തുന്നു.
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മധുവിനെ പിടിച്ചുകൊണ്ടു പോയതെന്ന് സഹോദരിയുടെ മൊഴി ഗൗരവത്തിലെടുക്കാതെയുള്ള പോലിസിന്റെ ഇപ്പോഴത്തെ അന്വഷണം കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ പര്യാപ്തമല്ല. കേരളം എസ്‌സി/എസ്ടി ആക്ട് ഫലപ്രദമായി നടപ്പാക്കാത്തതുമൂലം എസ്‌സി/എസ്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചുവരുന്നതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നാഷനല്‍ ക്രൈം റിക്കാര്‍ഡ് ബ്യാറോയും റിപോര്‍ട്ട് പ്രകാരം എസ്‌സി/എസ്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കേരളം 2015ല്‍ എട്ടാം സ്ഥാനത്തായിരുന്നുവെങ്കില്‍ 2016ല്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്. പത്തനംതിട്ട ജില്ലയില്‍ സിഐ അധ്യക്ഷനായുള്ള മുഴുവന്‍ എസ്‌സി/എസ്ടി മോണിറ്ററിങ് കമ്മിറ്റികളും മരവിപ്പിച്ചിരിക്കുകയാണ്. എത്രയുംവേഗം ജില്ലയിലെ മുഴുവന്‍ മോണിറ്ററിങ് കമ്മിറ്റികളും പുനസ്ഥാപിക്കണണെന്നും ആദിവാസികളുടെ ഭൂമി പ്രശ്‌നം അവര്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് കേരള സര്‍ക്കാര്‍ പെസ ആക്ട് നടപ്പാക്കണമെന്നും സംസ്ഥാന സെക്രട്ടറി അമ്പനാട മോഹനന്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സതീശന്‍ വയല, ഖജാന്‍ജി രാമചന്ദ്രന്‍ ഓമല്ലൂര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top