മധുവിന്റെ കൊലപാതകം: വയനാട്ടില്‍ മാവോവാദി ലഘുലേഖ

കല്‍പ്പറ്റ: മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് മാവോവാദികളുടെ പേരില്‍ പത്ര പ്രസ്താവന. കല്‍പറ്റ പ്രസ്‌ക്ലബ്ബ് പരിസരത്ത് നിന്നാണു പ്രസ്താവന ലഭിച്ചത്.
ജോഗി, വക്താവ്, സിപിഐ (മാവോവാദി) എന്ന പേരിലാണ് ആദിവാസി സമൂഹത്തിനു നേരെയുള്ള മലയാളി വംശീയ കടന്നാക്രമണത്തെ ചെറുക്കുക, മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കുക എന്നിങ്ങനെ ആഹ്വാനം ചെയ്യുന്ന പ്രസ്താവന. അട്ടപ്പാടിയില്‍ മധുവിനെ കൊല ചെയ്ത നടപടി ആദിവാസി സമൂഹത്തിന്‍മേലുള്ള അത്യന്തം ക്രൂരമായ മലയാളി വംശീയതയുടെ ആധിപത്യമാണു പ്രകടമാക്കുന്നത്. ഇതില്‍ മുഴുവന്‍ ജനാധിപത്യ പുരോഗമന ശക്തികളും പ്രതിഷേധിക്കണം. നൂറുകണക്കിന് ആദിവാസികള്‍ അട്ടപ്പാടിയിലും മറ്റ് ആദിവാസി മേഖലകളിലും വംശീയ കടന്നാക്രമണത്തിന്റെ ഭാഗമായി മലയാളികളാല്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഈയിടെ നിലമ്പൂരില്‍ ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞ പൂക്കോട്ടുപാടം ചേലാട് കോളനിയിലെ കണ്ണന്റെ അന്ത്യം ഈ മനോഭാവത്തിന്റെ ദൃഷ്ടാന്തം തന്നെയാണ്.
കക്ഷിരാഷ്ട്രീയ കൊലപാതകത്തില്‍ മത്തുപിടിച്ച് മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുന്ന സിപിഎമ്മും മുഖ്യാധാരാ രാഷ്ട്രീയ പ്പാര്‍ട്ടികളും ഇത്തരം സംഭവങ്ങള്‍ ആകസ്മികമായിട്ടാണു ചിത്രീകരിക്കുന്നത്. ഇത് ഗോത്രസമൂഹങ്ങള്‍ക്കു നേരെയുള്ള അക്രമണ വാഴ്ചയെ വെള്ളപൂശുന്ന വംശീയ സമീപനമാണ്. വിശക്കുന്നവനെ തല്ലിക്കൊല്ലുന്ന മലയാളി വംശീയാധിനിവേശക്കാര്‍ക്കെതിരേ ജനകീയ ചെറുത്തുനില്‍പ്പുകള്‍ സംഘടിപ്പിക്കുന്നതിനു മുഴുവന്‍ മര്‍ദിതരും ഒന്നിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

RELATED STORIES

Share it
Top