മധുവിന്റെ കൊലപാതകം: പട്ടിണിയുടെ പരിണിത ഫലമെന്ന് പറയാനാവില്ലെന്ന്് സര്‍ക്കാര്‍

കൊച്ചി: പാലക്കാട് അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം പട്ടിണിയുടെ പരിണിത ഫലമാണെന്ന് പറയാനാവില്ലെന്നും സംഭവത്തിന് മത-രാഷ്ട്രീയ നിറം നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
മധുവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹരജിയിലാണ് സ ര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. മധുവിന്റെ അമ്മ മല്ലി അങ്കണവാടിയില്‍ ഹെ ല്‍പറും ഒരു സഹോദരി അങ്കണവാടി വര്‍ക്കറുമാണ്. മറ്റൊരു സഹോദരിയുടെ ഭര്‍ത്താവ് മണ്ണാര്‍ക്കാട് താലൂക്ക് ഓഫിസിലെ ജീവനക്കാരനാണ്. പ്രതിമാസം 35 കിലോ സൗജന്യ അരി ഈ കുടുംബം വാങ്ങുന്നുണ്ട്. പട്ടികവര്‍ഗ വകുപ്പിന്റെ ഫുഡ് സപോര്‍ട്ട് പ്രൊജക്റ്റിന്റെ ഗുണഭോക്താക്കളാണിവര്‍. മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ കുടുംബാംഗങ്ങള്‍ ഉപേക്ഷിച്ച നിലയിലാണ് മധു കഴിഞ്ഞിരുന്നത്. 2012 മുതല്‍ 2014 വരെയുള്ള കാലത്ത് മധുവിന് വിഷാദരോഗത്തിന് ചികില്‍സ നല്‍കിയിരുന്നു. ഇയാള്‍ പിന്നീട് ചികില്‍സ മുടക്കിയെന്നും പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പുകഴേന്തി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ആദിവാസി സ്ത്രീകളുടെ പുരോഗതി ലക്ഷ്യമാക്കി ഊരുകൂട്ടവും വിവിധ സ്വയംസഹായ സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ലഹരിമുക്ത കേന്ദ്രങ്ങളും 16 മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകളുമുണ്ട്.
എല്ലാ ജില്ലാ കോടതികളിലും പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ പ്രത്യേക ബെഞ്ചുകള്‍ക്ക് രൂപംനല്‍കിയിട്ടുണ്ട്. ആക്രമണങ്ങളില്‍ ഇരകളാവുന്നവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഒരുക്കാന്‍ പദ്ധതികള്‍ക്ക് രൂപം നല്‍കും. വിവിധ പദ്ധതികളുടെ ഫലമായി 2013 ല്‍ 31 ശിശു മരണം റിപോര്‍ട്ട് ചെയ്ത സ്ഥാനത്ത് 2017ല്‍ 14 ആയി കുറഞ്ഞു. ഗര്‍ഭഛിദ്രം 2013ല്‍ 77 ആയിരുന്നത് കഴിഞ്ഞ വര്‍ഷം 24 ആയി കുറഞ്ഞെന്നും സത്യവാങ്മൂലം പറയുന്നു.

RELATED STORIES

Share it
Top