മധുവിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം

തിരുവനന്തപുരം/തൃശൂര്‍: അട്ടപ്പാടിയില്‍ മര്‍ദനമേറ്റു മരിച്ച ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തുക എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, മധുവിന്റെ കൊലപാതകത്തിന് പിന്നില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്ന് വനംമന്ത്രി കെ രാജു അറിയിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
മധുവിനെ ആക്രമിക്കാന്‍ എല്ലാസഹായങ്ങളും നല്‍കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നായിരുന്നു സഹോദരി ചന്ദ്രികയുടെ ആരോപണം. കാട്ടില്‍ കയറി മധുവിനെ ജനക്കൂട്ടത്തിന് കാണിച്ച് കൊടുത്തതും വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും സഹോദരി ആരോപിച്ചു. എന്നാല്‍, ഇക്കാര്യം നിഷേധിച്ച മന്ത്രി എ കെ ബാലന്‍ കുറ്റവാളികളെ രക്ഷിക്കാനുള്ള ഗൂഢശ്രമമാണ് ആരോപണത്തിന് പിന്നിലെന്നാണ് പ്രതികരിച്ചത്.
മധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് പിന്നീട്  കെ രാജു പറഞ്ഞു.
അത്തരത്തില്‍ ചില ചാനലുകളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിജസ്ഥിതി അന്വേഷിച്ചതില്‍ വാര്‍ത്തയില്‍ പറയുന്ന പോലുള്ള ഉദ്യോഗസ്ഥരാരും തന്നെ മണ്ണാര്‍ക്കാട് ഡിവിഷനില്‍ ഇല്ലെന്നും ആ ദാരുണ കൃത്യത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കില്ലെന്നും മനസ്സിലായിതായും അ ദ്ദേഹം പറഞ്ഞു.
അതേസമയം, മധുവിനെ കൊലപ്പെടുത്തിയ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിയ്ക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ എത്തിച്ച് ഫലപ്രദമായ ശിക്ഷ നല്‍കും. ഇത്തരത്തിലുള്ള പ്രവണതകള്‍ ഇല്ലായ്മ ചെയ്യാനുള്ള നടപടി സ്വീകരിക്കും. പ്രതികള്‍ ഒരുതരത്തിലും രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
11 പ്രതികളെ കസ്റ്റഡിയില്‍ എടുത്തതായും മന്ത്രി അറിയിച്ചു.  മധുവിനെ കൊലപ്പെടുത്തിയവര്‍ക്കെതിരേ കേസെടുത്ത് ശക്തമായി നീതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇത് കേരളത്തിന് അപമാനമാണെന്നും ചെറുപ്പക്കാര്‍ക്ക് എന്തു സംഭവിച്ചുവെന്നും അവര്‍ ചോദിച്ചു.

RELATED STORIES

Share it
Top