മധുവിനെ കൊല ചെയ്ത സംഭവം: കെഡിഎഫ് പ്രതിഷേധ ജ്വാല തീര്‍ത്തു

കോഴിക്കോട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കേരള ദലിത് ഫെഡറേഷന്‍ (കെഡിഎഫ്) പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ ജ്വാല തീര്‍ത്തു.  കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ ഉദ്ഘാടനം ചെയ്തു.
പട്ടിണിമൂലവും വംശീയ ആക്രമണത്തിലൂടെയും ഇനിയൊരു ആദിവാസിയും മരണപ്പെടാതിരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് പി രാമഭദ്രന്‍ പറഞ്ഞു. മധുവിനെ വധിക്കുന്നതിന് ഒത്താശ ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയുണ്ടാകണം. മധുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം.
പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനും കുറ്റവാളികളെ ശിക്ഷിക്കാനും ശക്തമായ നിയമം നിലവിലുണ്ടെങ്കിലും പോലിസു ബന്ധപ്പെട്ട അധികൃതര്‍നടപടി സ്വീകരിക്കുന്നില്ല. കഴിഞ്ഞ 25 വര്‍ഷത്തെ ആദിവാസി ഫണ്ടിന്റെ വിനിയോഗത്തെക്കുറിച്ച് വിദഗ്ധ സംഘത്തെക്കൊണ്ട് അന്വേഷിപ്പിച്ച് നടപടി സ്വീകരിക്കണമെന്നും രാമഭദ്രന്‍ ആവശ്യപ്പെട്ടു. കെഡിഎഫ് ജില്ലാ പ്രസിഡന്റ് പി ടി ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top