മധുര മീനാക്ഷി ക്ഷേത്രത്തില്‍ വന്‍ അഗ്നിബാധ

മധുര: മധുര മീനാക്ഷി ക്ഷേത്രസമുച്ചയത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ 40 കടകള്‍ കത്തിനശിച്ചു. ആളപായമില്ല. സംഭവത്തിന് പിന്നില്‍ അട്ടിമറിയല്ലെന്നും പൂജ സാമഗ്രികള്‍ വില്‍ക്കുന്ന കടകളിലൊന്നിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്കിടയാക്കിയതെന്നും ക്ഷേത്രം അധികൃതര്‍ പറഞ്ഞു.  വെള്ളിയാഴ്ച രാത്രി വൈകിയാണ്  തീപ്പിടിത്തമുണ്ടായത്. ക്ഷേത്രത്തിലെ ശില്‍പങ്ങള്‍ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ക്ഷേത്രം ജീവനക്കാരുടെയും അഗ്നിരക്ഷാപ്രവര്‍ത്തകരുടെയും സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് ക്ഷേത്രത്തിലെ 1000 തൂണുകളുള്ള ഹാളിലെ ശില്‍പങ്ങള്‍ രക്ഷിക്കാനായത്. ക്ഷേത്രത്തിലെ പൂജ പതിവുപോലെ തുടരുമെന്നും മൂന്നു ദിവസത്തിനകം ക്ഷേത്രത്തിന്റെ കിഴക്കുഭാഗം വൃത്തിയാക്കുമെന്നും അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. തുടര്‍ന്ന് ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിച്ചു. അഗ്നിബാധയുടെ ആഘാതമേറ്റ 7000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വസന്തരായര്‍ മണ്ഡപം പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോലിസ് അന്വേഷണം തുടങ്ങി.   ക്ഷേത്രസമുച്ചയത്തില്‍ നിന്ന് കടകള്‍ ഒഴിപ്പിച്ച് ശുദ്ധീകരിക്കണമെന്ന് ഹിന്ദു ഭക്തജനസഭ, വിഎച്ച്പി, ഹിന്ദുമുന്നണി തുടങ്ങിയ സംഘടനകള്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. പരിഭ്രാന്തരാവേണ്ടതില്ലെന്നും ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താമെന്നും ജില്ലാകലക്ടര്‍ വീരരാഘവ റാവു പറഞ്ഞു. ക്ഷേത്ര സുരക്ഷയ്ക്കായി 300 ഓളം പോലിസുകാരെ വിന്യസിച്ചു.

RELATED STORIES

Share it
Top