മദ്യ നയം മുഖ്യ പ്രചാരണ വിഷയമാവും

തിരുവനന്തപുരം: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരേ എതിര്‍പ്പുകള്‍ രൂക്ഷമാവുന്നു. പുതിയ മദ്യനയം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണവിഷയമാവും. തീരുമാനത്തിനെതിരേ രംഗത്തെത്തിയ കെസിബിസി ഇക്കാര്യം പ്രഖ്യാപിച്ചുകഴിഞ്ഞു.
സഭയുടെ ആരോപണത്തിന് മറുപടിയുമായി എല്‍ഡിഎഫ് നേതാക്കളും രംഗത്തെത്തി. എല്‍ഡിഎഫിന് പൊതുതിരഞ്ഞെടുപ്പില്‍ അധികാരത്തിലേക്ക് വഴിതുറന്ന ബാര്‍ വിവാദം ചെങ്ങന്നൂരിലും മുഖ്യവിഷയമാവുമെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു.
സംസ്ഥാനസര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരേ രംഗത്തെത്തിയ കത്തോലിക്ക സഭ മെത്രാന്‍ സമിതി ഇത് ചെങ്ങന്നൂരില്‍ മുഖ്യ പ്രചാരണ വിഷയമാക്കുമെന്ന് പ്രഖ്യാപിച്ചു. സഭാ ആസ്ഥാനത്ത് പ്രത്യേക സമ്മേളനം ചേരാനും കെസിബിസി തീരുമാനിച്ചു. മദ്യവര്‍ജനം പ്രഖ്യാപിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍, ഇപ്പോള്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിക്കുകയാണ്.
സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. സൂസെപാക്യം വ്യക്തമാക്കി. ചെങ്ങന്നൂര്‍ ഉള്‍പ്പെട്ട ചങ്ങനാശ്ശേരി അതിരൂപതയും സര്‍ക്കാരിനെതിരേ പരസ്യമായി രംഗത്തെത്തി. മദ്യനയത്തിനെതിരായ വിമര്‍ശം പ്രതിരോധിക്കാന്‍ മന്ത്രിമാര്‍ തന്നെ രംഗത്തെത്തി.
വിവാദം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവില്ലെന്ന് മന്ത്രിമാരായ എ കെ ബാലനും മന്ത്രി ജി സുധാകരനും ടി പി രാമകൃഷ്ണനും പറഞ്ഞു. ജനങ്ങളെ മദ്യത്തില്‍ മുക്കിക്കൊല്ലാനാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രതികരണവും ഉപതിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണെന്നാണ് വിലയിരുത്തല്‍. മദ്യനയത്തിനെതിരേ യുഡിഎഫും ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. പാതയോരങ്ങളിലെ മദ്യശാലകളെ നിരോധിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി തകിടംമറിച്ച സുപ്രിംകോടതിയുടെ തന്നെ പിന്നീട് വന്ന വിധികളുടെ മറവില്‍ കേരളത്തിലെമ്പാടും മദ്യം ഒഴുക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി എം സുധീരന്‍ പറഞ്ഞു.
ആപല്‍ക്കരമായ ഈ നയത്തില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിഞ്ഞേ മതിയാവൂവെന്നും അദ്ദേഹം പറഞ്ഞു. മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റാതിരിക്കാന്‍ സഭാനേതൃത്വം ധൈര്യം കാട്ടണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ പ്രസ്താവനയും വരുംദിവസങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടും.

RELATED STORIES

Share it
Top