മദ്യശാലക്കുനേരെ കല്ലേറ്; യുവാവ് അറസ്റ്റില്‍

കുമളി: മദ്യലഹരിയില്‍ മദ്യശാലയ്ക്ക് കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തിയ ആളെ പോലിസ് അറസ്റ്റു ചെയ്തു. കുമളി ചോറ്റുപാറ എസ്‌റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന സുരേഷാ(30)ണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. അട്ടപ്പള്ളത്തു പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ മദ്യവില്‍പ്പന ശാലയില്‍ മദ്യം വാങ്ങാനെത്തിയതായിരുന്നു സുരേഷും സുഹൃത്തുക്കളും. മുന്തിയ ഇനം മദ്യം വാങ്ങാനെത്തിയ സുരേഷ് വിലകുറഞ്ഞ മദ്യം ലഭിക്കുന്ന ക്യൂവിലാണ് കയറിയത്. തന്റെ ഊഴമെത്തിയപ്പോള്‍ ഇയാള്‍ മദ്യം ആവശ്യപ്പെട്ടു. എന്നാല്‍, മുന്തിയ ഇനം മദ്യം ലഭിക്കുന്നതിന് വേറേ കൗണ്ടര്‍ ഉണ്ടെന്നും അവിടുന്ന് വാങ്ങാനും ജീവനക്കാര്‍ നിര്‍ദേശിച്ചു. താന്‍ ഈ ക്യൂവില്‍ വളരെ നേരമായി നിന്നിരുന്നതാണെന്നും അതിനാല്‍ ഇവിടെ നിന്നു മദ്യം ലഭിക്കണമെന്നും ഇയാള്‍ നിര്‍ബ്ബന്ധം പിടിച്ചു. ഇതോടെ സുരേഷും മദ്യശാലയിലെ ജീവനക്കാരും തമ്മില്‍ വാക്കേറ്റമായി. മദ്യം ലഭിക്കാതെ വന്നതോടെ മദ്യലഹരിയിലായിരുന്ന സുരേഷ് റോഡരികില്‍ കിടന്ന കല്ലുകള്‍ പെറുക്കി മദ്യശാലയ്ക്ക് നേരെ എറിയുകയായിരുന്നുവെന്നും ചോറ്റുപാറ സ്വദേശികളായ അഞ്ചോളം പേരാണ് ആക്രമണം നടത്തിയതെന്നും പോലിസ് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികള്‍ തകര്‍ന്നത്. ജീവനക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുമളി ടൗണില്‍ നിന്ന് സുരേഷിനെ എസ്‌ഐമാരായ വി രാധാകൃഷ്ണന്‍, പ്രദീപ്കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ സുരേന്ദ്രന്‍, സാദിഖ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി. 40,000 രൂപയുടെ നഷ്മുണ്ടായതായി പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top