മദ്യലഹരിയില്‍ ആത്മഹത്യാ ഭീഷണി; യുവാവ് അറസ്റ്റില്‍

കോറോം: മദ്യലഹരിയില്‍ കുട്ടിയുമായി പുഴയില്‍ ചാടുമെന്നു ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. തൊണ്ടര്‍നാട് കീച്ചേരി കോളനിവാസിയും മൊതക്കര കൊച്ചറ പണിയ കോളനിയില്‍ താമസിച്ചുവരുന്നതുമായ രാജു(25)വിനെയാണ് വെള്ളമുണ്ട പോലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ യുവാവിന്റെ ആക്രമണത്തില്‍ രണ്ടു പോലിസുകാര്‍ക്ക് പരിക്കേറ്റു. മദ്യലഹരിയിലായിരുന്ന ഇയാള്‍ ഞായറാഴ്ച വൈകീട്ട് ആറോടെ തന്റെ ആറുമാസം പ്രായമുള്ള കുട്ടിയുമായി പുഴയില്‍ ചാടുമെന്നു ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് തന്ത്രപൂര്‍വം കുട്ടിയെ വാങ്ങി അമ്മയെ ഏല്‍പിക്കുന്നതിനിടെ രാജു പോലിസുകാരെ ആക്രമിക്കുകയായിരുന്നു. രാജു ഇതിനുമുമ്പും തന്റെ മറ്റൊരു മകനുമായി പുഴയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. അന്ന് ബന്ധുവാണ് ഇവരെ രക്ഷിച്ചത്. അതുകൊണ്ട് ഇത്തവണ സ്ഥലത്തെത്തിയ പോലിസ് രാജുവിനെ പ്രകോപിപ്പിക്കാതെ തന്ത്രപൂര്‍വം കുട്ടിയെ വാങ്ങി അമ്മയെ ഏല്‍പിക്കുകയായിരുന്നു. ഹോം ഗാര്‍ഡ് സെബാസ്റ്റ്യനെ കല്ലുകൊണ്ട് താടിക്ക് ഇടിക്കുകയും സിവില്‍ പോലിസ് ഓഫിസര്‍ സന്ദീപിനെ അടിക്കുകയും യൂനിഫോം വലിച്ചുകീറുകയും ചെയ്തതായി പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് പോലിസ് ഇയാളെ ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു. വിവിധ വകുപ്പുകള്‍ പ്രകാരം രാജുവിനെതിരേ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top